| Tuesday, 13th February 2024, 10:26 pm

നസ്രിയയയും ഫഹദും ഒരുമിച്ച്; വാലന്റൈൻസ് ഡേ സ്പെഷ്യൽ പ്രേമലു വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാലന്റൈൻസ് ഡേയോടനുബന്ധിച്ച് ഭാവന സ്റ്റുഡിയോസ് പുതിയ വീഡിയോ പുറത്തുവിട്ടു. നസ്രിയയും ഫഹദും പ്രേമലു സിനിമയിലെ സീൻ അഭിനയിച്ചുകൊണ്ട് ഒരു റീൽ രൂപത്തിലാണ് വാലന്റൈൻസ് ഡേ സ്പെഷ്യൽ വീഡിയോ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയത്.

പ്രേമലുവിന്റെ ട്രെയ്ലറിൽ നസ്‌ലൻ മമിതയോട് ‘നിനക്ക് മറ്റേ ഡയലോഗ് കൂടെ പറയാമായിരുന്നില്ലേ ഒരു ഭംഗിക്ക്..’ എന്ന ഡയലോഗാണ് നസ്രിയയും ഫഹദും അഭിനയിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘പ്രേമലു ടീം ഭാവന ടീം സബാഷ് ബോലെ’ എന്നാണ് റീലിന്റെ അവസാനം ഉൾപ്പെടുത്തിയിട്ടുള്ളത്. റീലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവർ നിർമിച്ച ചിത്രമാണ് പ്രേമലു. നസ്‌ലൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങളായി എത്തി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ചിത്രം നിറഞ്ഞ സദസ്സോടെ തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമ കൂടിയാണ് പ്രേമലു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍ നായകനായെത്തുന്ന സിനിമയില്‍ മമിത ബൈജുവാണ് നായിക. സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. സച്ചിനായി നസ്‌ലെനും റീനുവായി മമിത ബൈജുവും എത്തുന്നു. ഗിരീഷ് എ.ഡി. യും നസ്‌ലനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഓ കുഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: valentines day special video of premalu movie

We use cookies to give you the best possible experience. Learn more