പ്രണയദിനം മനോഹരമാക്കാന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന പ്രണയചിത്രങ്ങള്‍
Entertainment
പ്രണയദിനം മനോഹരമാക്കാന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന പ്രണയചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 11:34 am

മറ്റൊരു വാലന്റൈന്‍സ് ദിനം കൂടി വരികയാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയം പറയാന്‍ പോകുന്നവര്‍ക്കും പ്രധാനപ്പെട്ട ഒരു ദിനമാണ് ഇത്. ഈ മനോഹരദിനത്തെ കൂടുതല്‍ പ്രണയാതുരമാക്കാന്‍ സിനിമാപ്രേമികളുടെ ഇഷ്ടപ്രണയ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ റീ റിലീസ് ചെയ്യുകയാണ്. അതില്‍ ചിലത് മാത്രമേ കേരളത്തില്‍ റിലീസാകുന്നുള്ളൂ.

പ്രണയ സിനിമകളില്‍ ലോകസിനിമകളിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്. ലോകം കണ്ട ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയകഥ പറഞ്ഞ സിനിമ 26 വര്‍ഷത്തിനിപ്പുറവും ലോകത്ത് ഏറ്റവും കളക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ലിയോനാര്‍ഡോ ഡി കാപ്രിയോയുടെ ജാക്കും കെയ്റ്റ് വിന്‍സ്ലെയ്റ്റിന്റെ റോസും ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ 25ാം വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം റീമാസ്റ്റര്‍ ചെയ്ത വെര്‍ഷന്‍ ലോകത്താകമാനം റിലീസ് ചെയ്തിരുന്നു. സിനിമക്ക് തൃശ്ശൂരും തിരുവനന്തപുരത്തും റിലീസുണ്ട്.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാരണം ആയിരം. സൂര്യ എന്ന യുവാവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങള്‍ കാണിക്കുന്ന ചിത്രം ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. സൂര്യയായും അച്ഛന്‍ കൃഷ്ണയായും സൂര്യയുടെ ഗംഭീര പ്രകടനമായിരുന്നു സിനിമയില്‍. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ എല്ലാം ഇന്നും പ്രിയപ്പെട്ടവയാണ്. ഹാരിസ് ജയരാജ് ഒരുക്കിയ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകരേറെയാണ്. തമിഴ്‌നാട്ടിലെ എല്ലാ നഗരങ്ങളിലും ചിത്രം കഴിഞ്ഞയാഴ്ച റിലീസ് ചെയ്തു. കേരളത്തില്‍ എറണാകുളത്ത് മാത്രമേ ചിത്രത്തിന് റിലീസ് ഉള്ളൂ.

ഗൗതം വാസുദേവ് മേനോന്റെ തന്നെ മറ്റൊരു ഹൃദയഹാരിയായ പ്രണയചിത്രമാണ് 2010ല്‍ റിലീസായ വിണ്ണൈത്താണ്ടി വരുവായ. സിലമ്പരസന്‍, തൃഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ കാര്‍ത്തിക്-ജെസ്സി എന്നിവരുടെ പ്രണയകഥയാണ് പറയുന്നത്. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ആഘോഷമായ അല്‍ഫോന്‍സ് പുത്രന്‍- നിവിന്‍ പോളി ചിത്രം പ്രേമമാണ് ഈ ലിസ്റ്റിലെ അടുത്ത ചിത്രം. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ തവണ റീ റിലീസ് ചെയ്ത മലയാള ചിത്രമെന്ന റെക്കോഡ് ഇതോടുകൂടി പ്രേമം സ്വന്തമാക്കി. മൂന്നാം തവണയാണ് പ്രേമം റീ റിലീസ് ചെയ്യുന്നത്. ആദ്യ തവണ റിലീസ് ചെയ്തപ്പോള്‍ 230 ദിവസം ചെന്നൈയിലെ എസ്‌കേപ്പ് സിനിമാസില്‍ പ്രദര്‍ശനം നടത്തിയിരുന്നു. ഇത്തവണ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് പ്രേമത്തിന് ലഭിച്ചത്.

ഇതു കൂടാതെ വിജയ് സേതുപതി-തൃഷ എന്നിവരൊന്നിച്ച 96, ഗൗതം മേനോന്റെ ആദ്യ ചിത്രം മിന്നലേ എന്നീ സിനിമകളും തമിഴ്‌നാട്ടില്‍ റീ റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇങ്ങനെ റിലീസില്ലാത്തത് സിനിമാപ്രേമികള്‍ക്ക് നല്‍കുന്ന നിരാശ ചെറുതല്ല.

Content Highlight: Valentines day special Re Release