| Saturday, 21st June 2014, 8:37 am

വലന്‍സിയയുടെ ഗോളടി മികവില്‍ ഇക്കോഡാറിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്യൂറിറ്റിബ: സ്ര്റ്റാര്‍ സ്‌ട്രൈക്കര്‍ എന്നര്‍ വലന്‍സിയയുടെ ഇരട്ട ഗോള്‍ മികവില്‍ ഹോണ്ടുറാസിനെതിരെ ഇക്വാഡോറിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇക്കഡോറിന്റെ ജയം. ഹോണ്ടുറാസിനായി കോസ്റ്റില ഗോള്‍ നേടി. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇക്വാഡോറിനായി. നിലവില്‍ ആറ് പോയന്റുള്ള ഫ്രാന്‍സിന് പിന്നില്‍ മൂന്ന് പോയന്റുമായി രണ്ടാമതാണ് ഇക്വാഡോര്‍. 

സ്വിറ്റ്‌സര്‍ലാണ്ടിനും മൂന്ന് പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരി കണക്കിലെടുക്കുമ്പോള്‍ ഇക്കോഡാറാണ് മുന്നില്‍. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിറ്റില്‍ കാര്‍ലോ കോസ്റ്റിലിയിലൂടെ ഹോണ്ടുറാസാണ് ആദ്യം ഗോള്‍ നേടിയത്. ഉയര്‍ന്ന വന്ന ഒരു ബോള്‍ ഹെഡ്ഡ് ചെയ്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഇക്കോഡാര്‍ ഡിഫന്‍ഡര്‍ പരാജയപ്പെട്ടു. ബോള്‍ നേരെ കോസ്റ്റിലിയുടെ കാലില്‍. പെനാല്‍റ്റി ഏരിയയില്‍ നിന്നും കോസ്്റ്റലി തൊടുത്ത ഷോട്ട് ഇക്കോഡാര്‍ ഗോള്‍ കീപ്പറെ പരാജയപ്പെടുത്തി വലയില്‍.

32 വര്‍ഷത്തെ ഇടവേളക്കുശേഷം ലോകകപ്പില്‍ ഹോണ്ടുറാസിന്റെ ആദ്യഗോള്‍. 1982 ലോകക്കപ്പില്‍ വടക്കന്‍ അയര്‍ലണ്ടിനെതിരെയാണ് ഇതിന് മുമ്പ് ഹോണ്ടുറാസ് ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ വലന്‍സിയയിലൂടെ ഇക്കോഡാര്‍ സമനില പിടിച്ചു. 1-1 എന്ന സ്‌കോറില്‍ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു. അറുപത്തിയഞ്ചാം മിനിറ്റില്‍ വലന്‍സിയയിലൂടെ ഇക്കോഡാര്‍ മുന്നിലെത്തി. 

വാള്‍ട്ടര്‍ അയ്യോവിയുടെ ഫ്രീകിക്കില്‍ തലവെച്ചാണ് വലന്‍സിയ ടൂര്‍ണമെന്റിലെ തന്റെ മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കിയത്. മികച്ച പ്രകടനം മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചിനുള്ള പുരസ്‌ക്കാരത്തിന് വലന്‍സിയക്ക് സമ്മാനിച്ചു. ല അവസാന മത്സരത്തില്‍ ഫ്രാന്‍സാണ് ഇക്കോഡാറിന്റെ എതിരാളികള്‍. ഹോണ്ടുറാസിന് സ്വിറ്റ്‌സര്‍ലണ്ടുമായി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

We use cookies to give you the best possible experience. Learn more