| Thursday, 9th March 2017, 8:20 am

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; വാളയാര്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ എസ്.ഐ പി.സി ചാക്കോയ്ക്ക് സസ്പന്‍ഷന്‍. വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. എസ്.പി ദേവേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എസ്.ഐയ്ക്കും ഡി.വൈ.എസ്.പിയ്ക്കും എതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസ് അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് എസ്.ഐയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എസ്.ഐ പി.സി ചാക്കോയെ കഴിഞ്ഞ ദിവസം അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു. നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി എം.ജെ സോജനാണ് ഇപ്പോള്‍ അന്വേഷണ ചുമതല.

അതേസമയം, വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളില്‍ ആദ്യ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്ന വിലയിരുത്തലില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എന്നാല്‍, രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്.

കേസില്‍ പെണ്‍ക്കുട്ടിയെ ലൈംഗികമായിപീഡിപ്പിച്ച ബന്ധു ഉള്‍പ്പടെയുളള 4 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമേ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തും.പാലക്കാട് ജില്ലയുടെ ചുമതലയുള്ള മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പി എം.ജെ സോജന്‍ അറിയിച്ചു. പ്രതികളായ നാലുപേരും കുറ്റസമ്മതം നടത്തിയതായാണ് വിവരം.അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍ തൃപ്തികരമാണെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.


Also Read: ഗോശ്രീ വികസന അതോറിറ്റി നിലനിര്‍ത്തും, കണ്ണൂര്‍ യുണിവേഴ്സിറ്റിക്ക് സിന്തറ്റിക് ട്രാക്കിന് ഭൂമി; ഇന്നത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍


എന്നാല്‍ രണ്ടാമത്തെ പെണ്‍ക്കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഇപ്പോള്‍ പൊലീസിന്റ ശ്രമം. കൊലപാതകം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഒന്നും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അതേ സമയം പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

We use cookies to give you the best possible experience. Learn more