പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കുട്ടികളുടെ അമ്മ. പ്രതികളെ വിടുമെന്ന് പ്രതീക്ഷിച്ചില്ല. അന്വേഷണ സംഘം തന്നെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘അന്വേഷണ സംഘം എന്നെ പറഞ്ഞു പറ്റിച്ചു. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടിയെടുത്തില്ല. വിധി വരുന്നതുപോലും ഞങ്ങളെ അറിയിച്ചില്ല. പോലീസിന് വീഴ്ച സംഭവിച്ചത് കൊണ്ടാകും പ്രതികള്‍ രക്ഷപ്പെട്ടത്’, പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെ ഇന്ന് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വി. മധു, എം. മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നെന്നായിരുന്നു കോടതി വിധി.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്.ഐയ്ക്കും സി.ഐയ്ക്കും ഡി.വൈ.എസ്.പിക്കും എതിരെ നേരത്തെ നടപടിയെടുത്തിരുന്നു. പിന്നീട് എ.എസ്.പി ജി പൂങ്കുഴലിയുടെയും ഡി.വൈ.എസ്.പി എം.ജെ. സോജന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.
2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
എന്നാല്‍, മൂത്ത കുട്ടി മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ ഞങ്ങളെ കാണിച്ചില്ലെന്നും രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് റിപ്പോര്‍ട്ട് കാണിക്കാന്‍ പൊലീസ് തയ്യാറായതെന്നും കുട്ടികളുടെ അമ്മ ആരോപിച്ചു.
തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കെതിരെ ജുവനൈല്‍ കോടതിയില്‍ വാദം നടക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ