| Wednesday, 6th January 2021, 10:35 am

വാളയാര്‍ പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവ് റദ്ദാക്കി; കേസില്‍ പുനര്‍വിചാരണക്ക് ഹൈക്കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാളയാര്‍ കേസില്‍ വിചാരണക്കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട വിധിയാണ് റദ്ദാക്കിയിരിക്കുന്നത്.

കേസില്‍ പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരായി സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കെതിരെ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പാളിച്ച വിധി എതിരാകാന്‍ കാരണമായെന്നും സര്‍ക്കാര്‍ വാദിച്ചു.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡി.എന്‍.എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിടുന്നത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി- മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more