പാലക്കാട്: വാളയാര്‍ കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ നാലിന് പാലക്കാട് ജില്ലയിലായിരിക്കും ഹര്‍ത്താല്‍. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മുതിര്‍ന്ന നേതാവ് വി.എം സുധീരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും.
സംഭവത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തിയിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെ കൈവരിയില്‍ കയറി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.എന്‍ രാജേഷിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. നേരത്തെ രാജേഷ് കേസില്‍ ഹാജരായതിനെ തള്ളി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാളായ ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം 13 വയസ്സുകാരിയുടെ അസ്വാഭാവിക മരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്മഹത്യയെന്ന പൊലീസ് വാദത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴാണ് ആ വാദം മുഖ്യമന്ത്രിയും ആവര്‍ത്തിച്ചത്.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഗുരതരവീഴ്ചയാണ് ഉണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്നത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്നുമുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ വാക്കുകളും കൂട്ടി വായിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ഇരകള്‍ക്കല്ല പ്രതികള്‍ക്കാണ് ലഭിച്ചതെന്ന് വ്യക്തമാണെന്നും’ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.