വാളയാര്‍ കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ പൊലീസ്; അപ്പീല്‍ നല്‍കും; അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് ഡി.ഐ.ജി
Valayar Case
വാളയാര്‍ കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ പൊലീസ്; അപ്പീല്‍ നല്‍കും; അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് ഡി.ഐ.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 10:29 am

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പൊലീസ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിയ്ക്ക് എതിരെയാണ് പൊലീസ് അപ്പീല്‍ നല്‍കുക.

വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍ അറിയിച്ചു. പൊലീസും നിയമവകുപ്പും ചേര്‍ന്നാണ് അപ്പീല്‍ തയ്യാറാക്കുക.

അതേസമയം, അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ വിശദീകരണം. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളിലക്കം പ്രതിഷേധം രൂക്ഷമാവുകയാണ്.

നിരവധിപേരാണ് വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’ എന്ന പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ