| Sunday, 28th February 2021, 7:52 am

നടപടി വേണം; തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. വരും ദിവസങ്ങളില്‍ 14 ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും കേസില്‍ സര്‍ക്കാര്‍ വീഴ്ചക്കെതിരെ പ്രചാരണം നടത്തുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി പെണ്‍കുട്ടികളുടെ അമ്മ സമരത്തിലാണ്. സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് തലമുണ്ഡനം ചെയ്ത് അവര്‍ പ്രതിഷേധം നടത്തിയത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.എച്ച്.ആര്‍.എം നേതാവ് സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തക ബിന്ദു കമലന്‍ എന്നിവരും തലമുണ്ഡനം ചെയ്തു.

2019 ഒക്ടോബര്‍ 25നാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നും, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരു ദിവസം സമരമിരുന്നിരുന്നു.

അതേസമയം വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്താനും തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.

13ഉം 9ഉം വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് സെഷന്‍സ് കോടതി (പോക്‌സോ കോടതി) ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Valayar Case: Girl’s Parents protest

Latest Stories

We use cookies to give you the best possible experience. Learn more