| Monday, 28th October 2019, 7:12 pm

വാളയാര്‍ കേസ്; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.എന്‍ രാജേഷിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. പ്രതികള്‍ക്ക് വേണ്ടി രാജേഷ് ഹാജരായത് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

നേരത്തെ രാജേഷ് കേസില്‍ ഹാജരായതിനെ തള്ളി  സാമൂഹ്യക്ഷേമ വകുപ്പ്  മന്ത്രി കെ.കെ ഷൈലജ രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സി.ഡബ്ല്യൂ.സി ചെയര്‍മാനായി നിയമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് രാജേഷായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇദ്ദേഹത്തെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. തുടര്‍ന്ന് നടപടി വിവാദമായതോടെ കേസ് മറ്റ് അഭിഭാഷകര്‍ക്ക് കൈമാറുകയായിരുന്നു.

സാങ്കേതിക കാരണങ്ങളുടെ പേരില്‍ രണ്ടു തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ രാജേഷ് കൂട്ടു നിന്നെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ ഉയരുന്ന ആരോപണം.

അതേസമയം, വാളയാറിലെ ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എഴുതിത്തയ്യാറാക്കായ ഭാഗം നിയമസഭയില്‍ അദ്ദേഹം വായിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-

‘ഒമ്പതു വയസ്സുള്ള ഇളയ കുട്ടി ആത്മഹത്യ ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് അട്ടപ്പള്ളം സ്വദേശി വലിയ മധു, പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.’

അതേസമയം 13 വയസ്സുകാരിയുടെ അസ്വാഭാവിക മരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്മഹത്യയെന്ന പൊലീസ് വാദത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴാണ് ആ വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കായനാട്ട് ഫേസ്ബുക്കില്‍ പറയുകയായിരുന്നു.

പ്രോസിക്യൂട്ടര്‍ എങ്ങനെ കേസ് നടത്തണം എന്നത് അറിയണമെങ്കില്‍ ആദ്യം നല്ലൊരു വക്കീല്‍ ആകണം. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിനോദ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

DoolNews Video

We use cookies to give you the best possible experience. Learn more