വാഷിം്ഗ്ടണ്‍: അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും വക്കീലുമായ സിക്ക് വംശജയായ വലേരി കൗറിന്റെ പ്രസംഗമാണ് ഇപ്പോള്‍ അഗോളതലത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ളതാണ് വലേരിയുടെ പ്രസംഗം.
പുതുവത്സര രാവിന് നടത്തിയ പ്രസംഗം ജനുവരി അഞ്ചിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. പ്രശസ്ത സംഗീതജ്ഞനായ എ.ആര്‍.റഹ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് വലാരിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയായത്.
നാഷണല്‍ മോറല്‍ റിവൈവല്‍ പുവര്‍ പീപ്പിള്‍സ് ക്യാമ്പയിന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വലേരി ട്രംപിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. തന്റെ മുതുമുത്തശ്ശന്റെ കഥ പറഞ്ഞു കെണ്ടായിരുന്നു വലേരി ട്രംപിനെതിരെ വിമര്‍ശനം നടത്തിയത്.
103 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വലേരിയുടെ പൂര്‍വ്വികര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത്. ” അദ്ദേഹം അമേരിക്കയുടെ തീരത്ത് ഇറങ്ങിയപ്പോള്‍ തന്നെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഇരുണ്ട നിറവും സിക്ക് ആചാരത്തിന്റെ ഭാഗമായ തലപ്പാവും നീളന്‍ വസ്ത്രവും ശ്രദ്ധിച്ചു. അവരദ്ദേഹത്തെ പിടികൂടി മാസങ്ങളോളം ജയിലിലിടുകയായിരുന്നു” . വലേരി പറയുന്നു.
അന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് വെള്ളക്കാരനായ ഒരു വക്കീലായിരുന്നുവെന്നും നന്ദിയോടെ വലേരി ഓര്‍മ്മിക്കുന്നു. 9/11 ന് ശേഷമുണ്ടായ സംഭവവികാസങ്ങളായിരുന്നു വിദ്വേഷ അതിക്രമങ്ങള്‍ക്ക് എതിരേയും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയും പോരാടുന്ന വക്കിലാകാന്‍ വലേരിയെ പ്രേരിപ്പിച്ചത്.
” ഇന്ത്യക്കാര്‍, അഫ്രിക്കന്‍സ്, ട്രാന്‍സ്‌ജെന്റേര്‍സ് തുടങ്ങിയവരുടെ ശരീരങ്ങളെ സഹോദരങ്ങളുടേതായി കാണാതെ വരുമ്പോഴാണ് അവരെ ആക്രമിക്കാനും റേപ്പ് ചെയ്യാനും പുറത്താക്കാനും കൊല്ലാനുമെല്ലാം തോന്നുന്നത്” വലേരി കൂട്ടിച്ചേര്‍ക്കുകയാണ്.
മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഒരുപാട് ഭീകരമായി മാറിക്കഴിഞ്ഞ ഒരു ലോകമാണ് തന്റെ മകന് മുന്നിലുള്ളതെന്നും അവര്‍ പറയുന്നു.
” അന്ധകാരം കുഴിമാടത്തിന്റേതല്ല, ഭ്രൂണത്തിന്റേതായിരുന്നെങ്കിലോ? ഇപ്പോഴുള്ള അമേരിക്കയല്ല, ജനിക്കാനിരിക്കുന്ന ഒരു രാജ്യവും ജനതയുമാണ് ഇന്ന് മരിക്കുന്നതെങ്കിലോ? ” എന്നു പറഞ്ഞാണ് വലേരി തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.