വെള്ളിയാഴ്ച്ചയാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയെന്ന് നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ വെളിപ്പെടുത്തിയത്. ഒരു ദിവസം മുമ്പ് പിസി ജോര്‍ജ് നല്‍കിയ രാജി സ്വീകരിക്കാതെ ജൂണ്‍ ഒന്നുമുതല്‍ മുന്‍ കാലപ്രാബല്യത്തോടെയാണ് പിസി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.
കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരായി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ കത്ത്. അരുവിക്കരയില്‍ കെ.ദാസ് എന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്, പ്രചരണത്തിന് ജോര്‍ജിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചത് തുടങ്ങിയവയാണ് ജോര്‍ജിന്റെ കൂറുമാറ്റത്തിന് തെളിവുകളായി സ്വീകരിച്ചതെന്നും ശക്തന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം തന്റെ രാജി സ്വീകരിക്കാത്ത നടപടി ചട്ടലംഘനമാണെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു. തനിക്കറിയുന്ന നിയമനുസരിച്ച് താന്‍ എഴുതി നല്‍കിയ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്നും പക്ഷെ അദ്ദേഹം ആരുടെയോ കൈയ്യിലെ ചട്ടുകമായതിനാലാണ് രാജി സ്വീകരിക്കാതിരുന്നതെന്നും പി.സി ജോര്‍ജ്ജ് ആരോപിക്കുകയും ചെയ്തു.