വയനാട്: വയനാട് ജില്ലാ ഖാസിയായ ഹൈദരലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വയനാട്ടില്‍ യുവാവിനും കുടുംബത്തിനും ഊരുവിലക്കേര്‍പ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ നടപടി കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ആനപ്പാറ നരിക്കുണ്ട് സ്വദേശിയായ ലബീബിനും കുടുംബത്തിനുമാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭ്രഷ്ട് കല്‍പ്പിച്ചത്. ലബീബിന്റെ പിതാവ് കെ.എം മൊയ്തീന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജഡ്ജി പി.ജെ വിന്‍സെന്റാണ് വിധി പ്രഖ്യാപിച്ചത്. ലബീബിനു വേണ്ടി അഡ്വ. എം. മുഹമ്മദ് ശുഹൈബ് ഹാജരായി.
ലബീബിന്റെ വീട്ടിലെ വിവാഹം, വീടുതാമസം,മറ്റു പരിപാടികള്‍ക്കൊന്നും സഹകരിക്കേണ്ടെന്നും ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പള്ളിക്കമറ്റിയുടെ ആഹ്വാനം ചെയ്തിരുന്നത്. കുടുംബത്തിന് വിലക്ക് കല്‍പ്പിക്കുന്നതായി അറിയിച്ച് കൊണ്ട് ലബീബിന്റെ പിതാവിന് പള്ളിക്കമ്മിറ്റി ഔദ്യോഗികമായി കത്ത് നല്‍കുകയായിരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരായ ലബീബിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമുദായത്തിന് നിരക്കാത്തതാണെന്നും ഫേസ്ബുക്ക് പോസ്റ്റ് മഹല്ല് നിവാസികള്‍ക്കും പള്ളിക്കമ്മറ്റിക്കും ദുഖമുണ്ടാക്കിയതായുംകത്തില്‍ പറയുന്നു. പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലായിരുന്നു കത്ത്.
മൊയ്തീന്‍കുട്ടിയുടേയും കുടുംബത്തിന്റേയും മതപരമായ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കുന്നതിനും അന്യായക്കാരന്റെ വീട്ടില്‍ നടക്കുന്ന വിവാഹം, വീടുതാമസം തുടങ്ങിയ മറ്റുപരിപാടികള്‍ക്കൊന്നും അനാവശ്യമായ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് വഖഫ് ട്രൈബ്യൂണല്‍ വിധി.