മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ സിനിമയാണ് വജ്രം. സിനിമയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാലതാരം മിഥുന്‍ മുരളിയുടെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. വജ്രത്തിലെ മാടത്തക്കിളി എന്ന് തുടങ്ങുന്ന ഗാനത്തിന് ആ കാലത്തും പിന്നീടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അടുത്തിടെ മിഥുന്റെ കല്യാണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ പാട്ട് വീണ്ടും ചര്‍ച്ചയായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍. തനിക്ക് പത്ത് വയസുള്ളപ്പോഴാണ് വജ്രത്തില്‍ അഭിനയിച്ചതെന്നും ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മിഥുന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എനിക്ക് ഏതാണ്ട് പത്തോ പതിനൊന്നോ വയസുള്ളപ്പോഴാണ് ഞാന്‍ വജ്രം സിനിമ ചെയ്യുന്നത്. ആ സിനിമയും സിനിമയിലെ മാടത്തക്കിളി എന്ന പാട്ടും വെച്ച് ഇപ്പോഴും എന്നെ ആളുകള്‍ ഓര്‍ക്കുന്നു എന്നത് വലിയ കാര്യമാണ്. എന്റെ കല്യാണം വന്നപ്പോഴാണെങ്കിലും ആളുകള്‍ ആ പാട്ട് വെച്ചാണ് എന്നെ തിരിച്ചറിയുന്നത്.
എന്റെ കല്യാണം വന്നപ്പോഴാണ് ആ പാട്ടിന് കുറച്ച് കൂടുതല്‍ പബ്ലിസിറ്റി കിട്ടിയതെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ മുഴുവനായി പറയാന്‍ കഴിയില്ല. സിനിമ ഇറങ്ങിയ സമയത്ത് തന്നെ ആ പാട്ട് അത്യാവശ്യം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു.
കാരണം അത് സ്‌കൂളില്‍ പദ്യമായിട്ടൊക്കെ പഠിക്കാനുണ്ടായിരുന്നു. ഞാന്‍ അതൊന്നും സ്‌കൂളില്‍ പഠിച്ചിട്ടില്ല. പഴയ സിലബസിലായിരുന്നു അതുണ്ടായിരുന്നത്. അതുകൊണ്ട് എനിക്ക് പഠിക്കാന്‍ പറ്റിയില്ല,’ മിഥുന്‍ മുരളി പറഞ്ഞു.
content highlight: vajram movie child artist about madathakkili song