ന്യൂദല്‍ഹി: രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വിവാദമായതിനിടെ രാജീവ് ഗാന്ധിയെക്കുറിച്ച് അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ വെളിപ്പെടുത്തല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
‘രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലെ’ന്ന വാജ്‌പേയിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. വാജ്‌പേയുടെ വാക്കുകള്‍ സംവിധായകനും എഴുത്തുകാരനുമായ മഹേഷ് ഭട്ടാണ് ‘എതിര്‍ പാര്‍ട്ടിക്കാര്‍ ശത്രുക്കളല്ല’ എന്ന വരികളോടെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.
1985ല്‍ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം. വാജ്‌പേയിക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ് വാജ്പേയിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ആ സമയത്ത് അമേരിക്കയിലേക്ക് പോകാനിരുന്ന യു.എന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയില്‍ ചികിത്സ തേടണമെന്നും രാജീവ് അറിയിച്ചു. തുടര്‍ന്ന് യു.എന്‍ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്പേയി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.
1990ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വാജ്‌പേയി വെളിപ്പെടുത്തുന്നത്.
‘രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലെ’ന്ന് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഉലേക് എന്‍.പിയുടെ ‘ദ അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ പാരഡോക്‌സ്’ എന്ന പുസ്തകത്തിലും ഈ കഥ വിവരിക്കുന്നുണ്ട്.
അതേസമയം, ‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നായിരുന്നു മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എന്റെ പ്രതിച്ഛായ തകര്‍ത്ത് എന്നെ ചെറുതാക്കി കാണിച്ച് കൊണ്ട് ദുര്‍ബ്ബല സര്‍ക്കാര്‍ ഉണ്ടാക്കുവാനാണ് ഇവരുടെ ലക്ഷ്യമെന്നും മോദി പറഞ്ഞിരുന്നു. ബൊഫോഴിസിനെ കുറിച്ച് പരാമര്‍ശിച്ച മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞിരുന്നു.
ബൊഫോഴ്‌സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.