| Thursday, 21st February 2019, 11:37 am

വാജ്‌പേയ് സര്‍ക്കാര്‍ രഹസ്യ കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചു; വിവാദ വെളിപ്പെടുത്തലുമായി ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: സംസ്ഥാനത്തെ വിഘട, തീവ്രവാദ സ്വഭാവമുള്ള ആളുകളെ രഹസ്യമായി കൊന്നൊടുക്കുന്നത് തുടരാന്‍ തന്നോട് കേന്ദ്രത്തിലിരിക്കുന്ന വാജ്‌പേയ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്.

ഗൊഗോയ്ക്ക് മുമ്പ് 1996 മുതല്‍ 2001 വരെ ആസാം മുഖ്യമന്ത്രിയായിരുന്ന പ്രഫുല്ല കുമാര്‍ മഹന്തയ്ക്ക് യുണൈറ്റഡ് ലിബറേഷന്‍ ഫ്രന്‍ഡ് ഉള്‍ഫ പ്രവര്‍ത്തകരെ കൊല്ലാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും ഗൊഗോയ് പറഞ്ഞു.1998 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്‌പേയ് ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

2001 മുതല്‍ 2016 വരെ ആസാം മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന ഗൊഗോയ്. കേന്ദ്ര മന്ത്രി എല്‍.കെ അദ്വാനി പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കെ.പി.എസ് ഗില്ലിനെ ആസാം ഗവര്‍ണര്‍ ആയി നിയമിച്ച് സംസ്ഥാനത്തെ എതിര്‍ ശബ്ദങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നതായും ഗൊഗോയ് അവകാശപ്പെട്ടു. തന്റെ സര്‍ക്കാറിന്റെ എതിര്‍പ്പു മൂലമാണ് അദ്വാനിക്ക് തന്റെ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

Also Read കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ മൗനം പാലിച്ച് മോദി; രൂക്ഷ വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

എന്നാല്‍ ഇക്കാര്യങ്ങള്‍ ആസാം ബി.ജെ.പി ഘടകം പാടെ തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ദുഷ്‌ചെയ്തികള്‍ മറച്ചു വെക്കാനുള്ള ശ്രമമാണ് ഗൊഗോയുടേതെന്നാണ് ബി.ജെ.പിയുടെ വാദം. ബി.ജെ.പി ഉള്‍ഫയുമായി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നതായും ആസാം ബി.ജെ.പി അധ്യക്ഷന്‍ രഞ്ജീത് ഗാസ് പറഞ്ഞതായി സ്‌ക്രാള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

തങ്ങള്‍ ഇന്ത്യയുടെ ഏകീകരണം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അതിനൊരിക്കലും നിഷ്‌കളങ്കരുടെ ജീവന്റെ വില നല്‍കില്ലെന്നും ആസാം ബി.ജെ.പി ജനറള്‍ സെക്രട്ടറി ദിലീപ് സൈകിയയും പറഞ്ഞു.

We use cookies to give you the best possible experience. Learn more