പോക്കിരിരാജ എന്ന സൂപ്പർ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സംവിധായകനാണ് വൈശാഖ്. പോക്കിരി രാജ, സീനിയേർസ്, പുലിമുരുകൻ, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്‌ഷ്യൽ ചിത്രങ്ങളുടെ സംവിധായകനായി കയ്യടി നേടാൻ വൈശാഖിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലിറങ്ങി തിയേറ്ററിൽ മുന്നേറുന്ന ടർബോ എന്ന മമ്മൂട്ടി ചിത്രവും അത് ആവർത്തിക്കുകയാണ്.
എന്നാൽ തന്റെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു വിശുദ്ധൻ. കുഞ്ചാക്കോ ബോബൻ, മിയ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.
ചിത്രത്തിന്റെ രണ്ടാം പകുതിയെ കുറിച്ച് പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ വിശുദ്ധന്റെ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നുവെന്നും എന്നാൽ എന്നിൽ നിന്ന് ഇങ്ങനെയൊരു പടമല്ല പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് പലരും പേടിപ്പിച്ചെന്നും വൈശാഖ് പറയുന്നു.
ടെൻഷനായപ്പോൾ താൻ കഥയിൽ കുറച്ച് മാറ്റം വരുത്തിയെന്നും അതിലിപ്പോൾ പശ്ചാത്താപമുണ്ടെന്നും വൈശാഖ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രേക്ഷകർക്ക് അതിന്റെ സെക്കന്റ് ഹാഫ് ഇഷ്ടപെടാത്തതിന്റെ പ്രധാന കാരണം ഞാൻ തന്നെയാണ്. അതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ വിശുദ്ധന്റെ ആദ്യത്തെ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നു.
ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പൊക്കെ ആയപ്പോഴേക്കും എല്ലാവരും എന്നെ പേടിപ്പിച്ചു തുടങ്ങി, നിങ്ങളിൽ നിന്ന് ഇങ്ങനെയുള്ള സിനിമയല്ല പ്രതീക്ഷിക്കുന്നത്, നിങ്ങൾ ആക്ഷൻ ഒന്നുമില്ലാതെ ഇങ്ങനെയുള്ള സിനിമ ചെയ്താൽ ആര് കയറാനാണ് എന്നൊക്കെ കുറേപേർ ചോദിച്ചു.
അത് കേട്ടപ്പോൾ എനിക്ക് ശരിക്കും പേടിയായി. ഞാൻ അതോടെ കഥയിൽ കുറച്ച് വെള്ളം ചേർത്തു. രണ്ടാം പകുതിയിൽ കുറച്ച് വെള്ളം ചേർത്തു. അതിലെനിക്ക് വളരെ പശ്ചാത്താപം ഉണ്ടിപ്പോൾ,’വൈശാഖ് പറയുന്നു.
Content Highlight: Vaishakh Talk About Vishudhan Movie