| Saturday, 1st June 2024, 12:28 pm

നിർഭാഗ്യവശാൽ തിയേറ്ററുകൾ പെട്ടെന്ന് തുറന്നത് കൊണ്ടാണ് എന്റെ ആ ചിത്രങ്ങൾ പരാജയപ്പെട്ടത്: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ സംവിധായകനാണ് വൈശാഖ്. എന്നാൽ പുലിമുരുകന് ശേഷം മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായ മോൺസ്റ്റർ ആയിരുന്നു മലയാളികൾ കണ്ടത്.

എന്നാൽ മോൺസ്റ്ററും തന്റെ മറ്റൊരു ചിത്രമായ നൈറ്റ് ഡ്രൈവും കൊവിഡ്കാലത്ത് ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമകളാണെന്നും ആ സാഹചര്യത്തിൽ പറ്റുന്ന സിനിമകൾ എന്ന നിലയിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് നിർമിച്ച ചിത്രങ്ങളാണ് അവയെന്നും വൈശാഖ് പറയുന്നു.

സാധാരണ സിനിമകൾക്ക് നടത്തുന്ന പ്ലാനിങ് അവയ്ക്ക് നടത്തിയില്ലെന്നും കൂടെയുള്ളവർക്ക് ഒരു ജോലി നൽകുകയെന്ന നിലയിലാണ് ആ സിനിമകൾ ചെയ്തതെന്നും വൈശാഖ് കൂട്ടിച്ചേർത്തു. എന്നാൽ ചിത്രങ്ങൾ റിലീസ് ആവാനായപ്പോഴേക്കും തിയേറ്ററുകൾ തുറന്നുവെന്നും അതൊരു തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വൈശാഖ്.

‘നൈറ്റ്‌ ഡ്രൈവ്, മോൺസ്റ്റർ എന്നിങ്ങനെ രണ്ട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇത് രണ്ടും ഒരു കോവിഡ്കാല സിനിമകൾ എന്ന ഗണത്തിലാണ് ഞാൻ പെടുത്തുന്നത്. നമ്മൾ സാധാരണ സിനിമ ചെയ്യുന്ന പ്രോസസ്സിലല്ല അത് ചെയ്തത്.

കൊവിഡ് വന്നു. ഇനി സിനിമയും ജീവിതവും ഉണ്ടാവുമോയെന്ന ടെൻഷനിലായിരുന്നു എല്ലാവരും. എങ്ങനെയാണ് ജീവിതം പോവുന്നതെന്ന് അറിയില്ല. എല്ലാവർക്കും അതിന്റെതായ ഒരു പേടിയുണ്ട്. എനിക്കും അങ്ങനെ തന്നെയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. നമ്മളെ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. നമ്മുടെ മുന്നിലുള്ള ഒരു വഴി സിനിമ ചെയ്യുക എന്നതാണ്.

ഞാൻ പ്ലാൻ ചെയ്ത് വെച്ചിരിക്കുന്ന ചില സിനിമകളുണ്ട്. ലാലേട്ടന്റെ ഒരു പടം ഫുൾ സ്ക്രിപ്റ്റ് എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ വലിയ സിനിമകളാണ്. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് അഭിലാഷ് പിള്ള വന്ന് നൈറ്റ് ഡ്രൈവിന്റെ സ്ക്രിപ്റ്റ് പറയുന്നത്. ശരിക്കും എന്റെ മറ്റ് സിനിമകളുടെ ആക്ഷന്റെ പകുതി ബഡ്ജറ്റ് മതിയായിരുന്നു അതിന്.

ഒരാഴ്ച കഴിഞ്ഞപ്പോൾ ആ സിനിമ ഷൂട്ടിങ് തുടങ്ങി. എല്ലാവർക്കും ജോലി വേണം എന്നുള്ളത് കൊണ്ട് ഒ.ടി.ടി സിനിമകൾ എന്ന നിലയ്ക്കാണ് അത് ചെയ്തത്. ആ സാഹചര്യത്തിൽ പറ്റുന്ന ഒരു സിനിമ എന്ന നിലയിലാണ് നൈറ്റ് ഡ്രൈവ് ചെയ്തത്. അതിന്റെ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് മോൺസ്റ്റർ എന്നെ തേടി വരുന്നത്.

നൈറ്റ് ഡ്രൈവ് കഴിഞ്ഞ് ഒന്ന് രണ്ട് ദിവസം കൊണ്ട് മോൺസ്റ്ററും തുടങ്ങി. ഒരു ചെറിയ കാലഘട്ടത്തിൽ ക്രൈസിസ് മാനേജ്‍മെന്റ് എന്ന നിലയിലാണ് ആ രണ്ട്‌ സിനിമയും ചെയ്തത്. സാധാരണ ചെയ്യുന്ന ഒരു പ്ലാനിങ്ങോടെയോ വലിയ സംഭവമായിട്ടോ ചെയ്ത സിനിമകൾ അല്ല. ഒ.ടി. ടിക്ക് എന്ന നിലയ്ക്ക് ചെയ്ത സിനിമകളായിരുന്നു അത്.

എന്റെ നിർഭാഗ്യത്തിന് ഇത് റിലീസ് ചെയ്തപ്പോഴേക്കും തിയേറ്ററെല്ലാം ഓപ്പണായി. എല്ലാം വലിയ വൈഡർ സിനിമകൾ ആയപ്പോഴാണ് അതെല്ലാം റിലീസായത്. അങ്ങനെയൊരു തെറ്റ് സംഭവിച്ചു എന്ന് മാത്രമേയുള്ളൂ,’വൈശാഖ് പറയുന്നു.

Content Highlight: Vaishakh Talk About Monster Movie And Night Drive

We use cookies to give you the best possible experience. Learn more