പോക്കിരിരാജ എന്ന സൂപ്പർ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സംവിധായകനാണ് വൈശാഖ്.
പോക്കിരി രാജ, സീനിയേർസ്, പുലിമുരുകൻ, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്‌ഷ്യൽ ചിത്രങ്ങളുടെ സംവിധായകനായി കയ്യടി നേടാൻ വൈശാഖിന് കഴിഞ്ഞിട്ടുണ്ട്.
അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം ടർബോയും വലിയ വിജയമായി മാറിയിരുന്നു. കന്നഡ താരം രാജ്.ബി.ഷെട്ടിയായിരുന്നു സിനിമയിൽ വില്ലനായി എത്തിയത്. സിനിമയിലെ വില്ലന്റെ സങ്കേതം ഉണ്ടാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് വൈശാഖ്.
ചിത്രത്തില്‍ വില്ലന്റെ സങ്കേതം ആദ്യം വിചാരിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നെന്നും ആ സമയത്ത് റിലീസ് ചെയ്ത രജിനി ചിത്രം ജയിലറില്‍ അതുപോലുള്ള സീന്‍ കണ്ടപ്പോള്‍ മാറ്റിയെഴുതേണ്ടി വന്നെന്നും വൈശാഖ് പറയുന്നു.
ആദ്യത്തെ ഡ്രാഫ്റ്റ് എഴുതി തീര്‍ന്നപ്പോഴാണ് ജയിലര്‍ ഇറങ്ങിയതെന്നും, കോപ്പിയടിച്ചു എന്ന് ആളുകള്‍ പറയാതിരിക്കാന്‍ വേണ്ടിയാണ് മാറ്റിയതെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റുമായി വന്നപ്പോൾ ഒരു ക്രൈം ത്രില്ലർ സിനിമ ചെയ്യാനാണ് താൻ ആഗ്രഹിച്ചതെന്നും വൈശാഖ് പറഞ്ഞു.
‘സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയ സമയത്ത് വില്ലന്റെ സങ്കേതം ഒരു കെമിക്കല്‍ ഫാക്ടറിയുടെ സെറ്റപ്പിലായിരുന്നു. ആ സമയത്താണ് രജിനികാന്തിന്റെ ജയിലര്‍ ഇറങ്ങിയത്. ആ സിനിമയില്‍ വില്ലന്റെ സങ്കേതം ഞങ്ങള്‍ എഴുതിവെച്ചത് പോലെയായിരുന്നു. അത് പിന്നീട് മാറ്റിയെഴുതേണ്ടി വന്നു. ഒരുപാട് ആലോചിച്ചിട്ടാണ് ട്യൂണ ഫാക്ടറിയാക്കിയത്.
അതുപോലെ ഈ സിനിമ ചെയ്യാന്‍ വേണ്ടി മിഥുന്‍ എന്റെയടുത്തേക്ക് വന്നപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് മിഥുന്റെ കൂടെ ഒരു ത്രില്ലര്‍ സിനിമ ചെയ്യാം എന്ന ചിന്തയായിരുന്നു.
പക്ഷേ മിഥുന്റെ മനസില്‍ ഉണ്ടായിരുന്നത് ഒരു ആക്ഷന്‍ സിനിമ ചെയ്യണം എന്നായിരുന്നു. അവന്‍ പറഞ്ഞ കഥ എനിക്കിഷ്ടമായതുകൊണ്ട് എന്റെ ആഗ്രഹം മാറ്റിവെച്ച് ഈ സിനിമക്ക് വേണ്ടി ഇറങ്ങി,’ വൈശാഖ് പറഞ്ഞു.
Content Highlight: Vaishakh About Jailer Movie And Turbo Movie