മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളിലൊന്നായിരുന്നു 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പ്രായഭേദമന്യേ മലയാളികള്‍ എല്ലാവരും ഏറ്റെടുത്തു. 100 കോടി എന്ന മാന്ത്രിക സംഖ്യ സ്വപ്‌നം മാത്രം കണ്ടുകൊണ്ടിരുന്ന മലയാളസിനിമയെ 100 കോടി ക്ലബ്ബില്‍ കയറ്റിയ ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയത്.
ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വൈശാഖ്. തെലുങ്ക് സിനിമയിൽ തിരക്കുള്ള നടനായ ജഗപതി ബാബു ആദ്യമായി മലയാളത്തിൽ അഭിനയിച്ച സിനിമയായിരുന്നു പുലിമുരുകൻ.
വില്ലൻ കഥാപത്രങ്ങൾക്ക് 4 കോടി വാങ്ങുന്ന അദ്ദേഹം മോഹൻലാലാണ് നായകനെന്ന് അറിഞ്ഞപ്പോൾ 15 ലക്ഷം രൂപ വാങ്ങിയാണ് അഭിനയിച്ചതെന്നും സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചത് നടി അനുശ്രീയെയായിരുന്നുവെന്നും വൈശാഖ് പറഞ്ഞു. എന്നാൽ ഷൂട്ടിങ് മുമ്പ് അനുശ്രീ ആശുപത്രിയിലായെന്നും പിന്നീട് കമാലിനി മുഖർജിയെ നായികയാക്കിയെന്നും വൈശാഖ് കൂട്ടിച്ചേർത്തു.
‘ചിത്രത്തിൻ്റെ സ്റ്റാർ കാസ്റ്റിങ്ങും ഏറെ പുതുമനിറഞ്ഞതായിരുന്നു. ഉദയേട്ടനാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് ജഗപതിബാബുവിനെ നിർദേശിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. വലിയ തിരക്കുണ്ടായിട്ടും മോഹൻലാൽ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോൾ എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം പുലിമുരുകനിൽ അഭിനയിക്കാനെത്തി. വില്ലനാകാൻ നാലുകോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു 15 ലക്ഷം രൂപയ്ക്കാണ് പുലിമുരുകനിൽ അഭിനയിച്ചത്.
ചിത്രത്തിലെ നായികയായി അനുശ്രീയെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ, ഷൂട്ടിങ്ങടുത്തപ്പോൾ അവൾ ആശുപത്രിയിലായി. അങ്ങനെയാണ് അടുത്ത് അന്വേഷണം കമാലിനി മുഖർജിയിലേക്ക് പോയത്. കമാലിനി എന്റെ കസിൻസ് എന്ന ചിത്രത്തിലെ പാട്ട് സീനിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്. അതിൻ്റെ റിലീസിനോട് അടുത്ത സമയത്താണ് പാട്ട് ഷൂട്ട് ചെയ്‌തത്.
അപ്പോൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഞാൻ ചെന്നൈയിലായിരുന്നു. ഡാൻസ് കൊറിയോഗ്രാഫർ ഷോബിയാണ് ആ ഗാനം ചിത്രീകരിച്ചത്. അതിനാൽ ഞാൻ അവരെ കണ്ടിട്ടില്ല. പുലിമുരുകനിലേക്ക് വിളിച്ചപ്പോൾ ഞാൻ കാണാത്ത സംവിധായകനല്ലേ വൈശാഖ് എന്നവർ തമാശയായി ചോദിച്ചു.
കാട്ടിൽ ജീവിക്കുന്ന മൈന എന്ന കഥാപാത്രത്തിൻ്റെ നോട്ടത്തിലും നടത്തത്തിലും പൂർണതയ്ക്കുവേണ്ടി അവർ ഏറെ ഹോം വർക്ക് ചെയ്‌തിട്ടുണ്ട്. ചെറിയ സമയത്തിനുള്ളിൽ ഒരു പാട് കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു പോകേണ്ട അവസ്ഥ ചിത്രത്തിൻ്റെ കഥാഘടനയ്ക്കുണ്ടായിരുന്നു. അത് അനുയോജ്യമായ സ്റ്റാർ കാസ്റ്റിങ്ങിലൂടെയാണ് ഞങ്ങൾ മറികടന്നത്,’വൈശാഖ് പറയുന്നു.
Content Highlight: Vaishakh About Casting Of Pulimurukan Movie