| Wednesday, 5th June 2024, 9:31 am

പോക്കിരിരാജ പോലൊരു സിനിമ ഇനി എനിക്ക് ചെയ്യേണ്ട, റഫറൻസാക്കാൻ തമിഴിലെ ആ ചിത്രങ്ങളാണുള്ളത്: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സംവിധായകനാണ് വൈശാഖ്. പോക്കിരിരാജ, സീനിയേർസ്, പുലിമുരുകൻ, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്‌ഷ്യൽ ചിത്രങ്ങളുടെ സംവിധായകനായി കയ്യടി നേടാൻ വൈശാഖിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലിറങ്ങി തിയേറ്ററിൽ മുന്നേറുന്ന ടർബോ എന്ന മമ്മൂട്ടി ചിത്രവും അത് ആവർത്തിക്കുകയാണ്.

എന്നാൽ ഒരു മാസ് മസാല സിനിമ ഒരുക്കുമ്പോൾ റഫറൻസായി തെരഞ്ഞെടുക്കാൻ മലയാളത്തിൽ സിനിമകൾ കുറവാണെന്ന് വൈശാഖ് പറയുന്നു.

പോക്കിരി രാജ പോലൊരു സിനിമ തനിക്കിനി എടുക്കേണ്ടെന്നും മറ്റ് ഭാഷകളിൽ ജയിലർ പോലുള്ള സിനിമകൾ ഉണ്ടെന്നും വൈശാഖ് പറഞ്ഞു. മലയാളം പോലൊരു ബൗണ്ടറിയിൽ നിന്ന് ആ ഴോണറിൽ സിനിമ ഒരുക്കുന്നത് പ്രയാസമാണെന്നും വൈശാഖ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു.

‘കുറെ നാളുകൾക്ക് ശേഷം ഒരു മാസ് സിനിമ ചെയ്യാൻ പോവുമ്പോൾ പെട്ടെന്ന് റഫറൻസായി എടുക്കാൻ മലയാളത്തിൽ അധികം സിനിമകളില്ല. എനിക്ക് പോക്കിരി രാജ പോലൊരു സിനിമ ചെയ്യേണ്ട.

അത്രക്കും ലിമിറ്റഡാണ് ഈ ഒരു ഴോണറിലുള്ള സിനിമകൾ. നമുക്ക് അന്യഭാഷയിൽ നിന്ന് കിട്ടും. നമുക്ക് വേണമെങ്കിൽ ജയിലർ റഫറൻസായി എടുക്കാം അല്ലെങ്കിൽ ലോകേഷിന്റെ സിനിമകൾ നമുക്ക് റഫറൻസായിട്ട് എടുക്കാം. മറ്റ് ഭാഷകളിൽ ഒരുപാടുണ്ട്.

ഇങ്ങനെ റഫൻസ് പോലും കിട്ടാത്ത ഒരു സിറ്റുവേഷനിലാണ് നമ്മൾ ഒരു സിനിമ ചെയ്യുന്നത്. മുന്നെ ഒരു സിനിമ ഇതുപോലെ ഹിറ്റാവും എന്ന് പോലും നമുക്ക് പറഞ്ഞ് കൊടുക്കാൻ ബുദ്ധിമുട്ടാണ് ഇവിടെ. ആ ഒരു ബൗണ്ടറിയിൽ നിന്നിട്ടാണ് നമ്മൾ ഇതെല്ലാം ചെയ്യുന്നത്,’വൈശാഖ് പറയുന്നു.

അതേസമയം വൈശാഖിന്റെ പുതിയ ചിത്രം ടർബോ തിയേറ്ററിൽ ഗംഭീര മുന്നേറ്റമാണ് നടത്തുന്നത്. മധുര രാജക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഞ്ജന ജയപ്രകാശ്, ശബരീഷ് വർമ, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Content Highlight: Vaishak Talk About Mass Masala Movie In Malayalam

We use cookies to give you the best possible experience. Learn more