മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ സംവിധായകനാണ് വൈശാഖ്. എന്നാൽ പുലിമുരുകന് ശേഷം മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായ മോൺസ്റ്റർ ആയിരുന്നു മലയാളികൾ കണ്ടത്.
എന്നാൽ താൻ മോഹൻലാലിനായി മറ്റൊരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും പരാജയത്തിന്റെ ക്ഷീണമൊക്കെ അതിൽ മാറ്റുമെന്നും വൈശാഖ് പറയുന്നു. മോഹൻലാലിന് തനിക്കും ആക്ഷൻ ഒരുപാട് ഇഷ്ടമാണെന്നും പുലിമുരുകനിൽ കണ്ടതെല്ലാം ചെറുതാണെന്നും വൈശാഖ് പറയുന്നു. അടുത്ത ചിത്രത്തിൽ ആക്ഷന്റെ വൻ പരിപാടി തന്നെ കാണമെന്നും വൈശാഖ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എനിക്ക് തന്നെ അറിയാമല്ലോ ഞാൻ അത് ഏത് സാഹചര്യത്തിൽ എടുത്തതാണെന്ന്. ഞാൻ ലാലേട്ടന് വേണ്ടി ശരിക്കും ചെയ്യാൻ ഇരുന്നത് ഒരു വൻ സിനിമയാണ്. അത് തീർച്ചയായും ചെയ്യും.
അതൊരു വൻ പരിപാടിയായി തന്നെ ചെയ്യും. അത് അവർ തന്നെ നിർമിക്കുന്ന സിനിമയാണ്. എല്ലാവരും ഓരോ തിരക്കിൽ ആണല്ലോ. എല്ലാവരും ഒന്നിച്ചു വരുന്ന സമയത്ത് ആ സിനിമ തീർച്ചയായും ചെയ്യും. അതിന്റെ ക്ഷീണമൊക്കെ ഞാൻ അന്നേരം മാറ്റിക്കോളാം. ഉറപ്പായിട്ടും അത് വമ്പൻ സിനിമയായിരിക്കും.
ലാലേട്ടന് ആക്ഷൻ ഭയങ്കര ഇഷ്ടമാണ്. എനിക്കും ആക്ഷൻ ഒരുപാട് ഇഷ്ടമാണ്. എനിക്കതിനോട് ഒരു ഭ്രാന്താണ്. പുള്ളി ആ കാര്യത്തിൽ അതിനേക്കാൾ വലിയ ഭ്രാന്തനാണ്. അതുകൊണ്ട് ഞങ്ങൾ രണ്ട് പേരുംകൂടെ ചെയ്യുമ്പോൾ നല്ല രസമാണ്.
ഞങ്ങൾ രണ്ട് പേരും അത് നന്നാവണം എന്ന് ആഗ്രഹമുള്ളവരാണ്. പുലിമുരുകനിൽ എനിക്ക് ഒരു പരിധി വരെ മാത്രമേ അത് എക്സ്പ്ലോർ ചെയ്യാൻ പറ്റിയിട്ടുള്ളൂ. അടുത്ത ചിത്രത്തിൽ ലാലേട്ടന്റെ വൻ ആക്ഷൻ തന്നെ പിടിക്കും.
പുലിമുരുകനും അപ്പുറത്തേക്കുള്ളതിന് ശ്രമിക്കും. പുലിമുരുകൻ ഒരു തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ. ശരിക്കുമുള്ളത് ചെയ്യണല്ലോ. പ്ലാൻ ചെയ്യുകയാണെങ്കിൽ അതൊക്കെ നന്നായി ചെയ്യാൻ പറ്റും,’വൈശാഖ് പറയുന്നു
Content Highlight: Vaishak Talk About Action Of Mohanlal