ധാര്‍മ്മികത പറയാന്‍ അവകാശമില്ലാത്തവരാണ് രാജി ആവശ്യപ്പെടുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. വി.എസിനെതിരെയും കേസുണ്ടായിരുന്നു. മണിക്കെതിരായ കേസില്‍ സത്യമുണ്ടോയെന്നു കോടതി കണ്ടെത്തട്ടേ.
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വി.എസ്. അച്യുതാനന്ദനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
ധാര്‍മ്മികത പറയാന്‍ അവകാശമില്ലാത്തവരാണ് രാജി ആവശ്യപ്പെടുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. വി.എസിനെതിരെയും കേസുണ്ടായിരുന്നു. മണിക്കെതിരായ കേസില്‍ സത്യമുണ്ടോയെന്നു കോടതി കണ്ടെത്തട്ടേ. കെട്ടിച്ചമച്ച കേസിന്റെ പേരില്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് വി.എസ് കഴിഞ്ഞദിവസം കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വി.എസ് കത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ എം.എം മണിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് സി.പി.ഐ.എം നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വി.എസ് കത്തെഴുതിയതിനെ പറ്റി അറിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. വി.എസ് അയച്ചെന്നു പറയുന്ന കത്തിനെ കുറിച്ച് വി.എസിനോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതിനോട് വിയോജിപ്പില്ലെന്ന നിലപാടും കോടിയേരി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വി.എസിനെ തള്ളി എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അഞ്ചേരി ബേബി വധത്തില്‍ പ്രതിയായ തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.
വി.എസ് അച്യുതാനന്ദന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന് അതില്‍ പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദ കൊണ്ടാണെന്നും മണി വ്യക്തമാക്കിയിരുന്നു.
അഞ്ചേരി ബേബി വധക്കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ശനിയാഴ്ച തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. 1985ല്‍ അവസാനിപ്പിച്ച കേസ് 2012ല്‍ മണി തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.