[share]
[]തിരുവനന്തപുരം: ഇടതുമുന്നണി വിട്ടുപോയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നണിയിലേക്ക്തന്നെ തിരികെ വരാം എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസഫ് എല്‍.ഡി.എഫ് വിട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും മുന്നണി വിട്ടുപോയതിന്റെ കാരണം ഇതുവരെ അവര്‍ പറഞ്ഞിട്ടുമില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍.ഡി.എഫ് വിട്ട ശേഷവും അവര്‍ ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇടുക്കി സീറ്റിന്റെ പേരില്‍ ജോസഫ് ഗ്രൂപ്പ് മാണി വിഭാഗവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ ഈ ക്ഷണം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ജോസഫ് എല്‍.ഡി.എഫില്‍ തിരിച്ചെത്തിയാല്‍ ഗ്രൂപ്പിന് ഇടുക്കി സീറ്റ് മുന്നണി നല്‍കുമെന്നാണ് അറിയുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇടുക്കി സീറ്റ് കിട്ടിയില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുമെന്ന് ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍, യു.ഡി.എഫ് മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ടുള്ള മത്സരം മാത്രമേയുള്ളൂവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി രാജുവിന്റെ പ്രസ്താവനക്ക് മറുപടി നല്‍കിയിരുന്നു.
രാജുവിന്റെ പ്രസ്താവനയെ എതിര്‍ത്ത് നേതാക്കള്‍ രംഗത്ത് വന്നതോടെ ജോസഫ്, രാജുവിന്റെത് വ്യക്തിപരമായ പ്രസ്താവനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു.
എന്നാല്‍, ഇടുക്കിയില്‍ ജയിച്ചയാളെ മാറ്റിനിര്‍ത്തി തോറ്റയാളെ മത്സരിപ്പിക്കുന്നത് ധാര്‍മികമല്ലെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഫ്രാന്‍സിസ് ജോര്‍ജ് ഇന്ന് രംഗത്തെത്തിയരുന്നു.
ഇടുക്കിയില്‍ ആര് മത്സരിക്കണമെന്നുള്ളത് ജനകീയ വികാരമനുസരിച്ച് തീമാനിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടുക്കിയില്‍ താന്‍ മത്സരിക്കണമെന്ന് പൊതു അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം എല്ലാവരും നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമില്ല.
ഇടുക്കി സീറ്റ് കിട്ടിയില്ലെങ്കില്‍ സൗഹൃദമത്സരം വേണമെന്ന് ആന്റണി രാജു പറഞ്ഞതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ സൗഹൃദ മത്സരം വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു.