ന്യൂദല്‍ഹി: വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പാര്‍ട്ടി എന്‍.ഡി.എ വിട്ടു. സര്‍ക്കാറിന്റെ ശ്രീലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി മുന്നണി വിട്ടത്. പ്രധാനമന്ത്രിയുടെ നയങ്ങള്‍ കാരണം മുന്നണിയില്‍ ഒത്തുപോവാന്‍ കഴിയാത്തതിനാലാണ് മുന്നണി വിടുന്നതെന്നാണ് പ്രസ്താവനയിലൂടെ വൈക്കോ അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തമിഴ്‌നാട്ടിലെ മുന്നണി ബന്ധങ്ങള്‍ക്ക് പ്രഹരമേല്‍പിച്ച് കൊണ്ടാണ് വൈക്കോ മുന്നണി വിട്ടിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ബി.ജെ.പി നേതാക്കളായ സുബ്രമണ്യം സ്വാമി, എച്ച് രാജ എന്നിവര്‍ വൈക്കോയെ വിമര്‍ശിച്ചിരുന്നു. വൈക്കോയെ മുന്നണിക്ക് വെളിയില്‍ തൂക്കിയെറിയണമെന്നാണ് സുബ്രമണ്യം സ്വാമി അഭിപ്രായപ്പെട്ടിരുന്നത്. നേതാക്കളുടെ പ്രസ്താവനക്കെതിരെ മോദി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് കൊണ്ട് വൈക്കോ ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും രംഗത്തെത്തിയിരുന്നു.
വൈക്കോയുടെ ഒപ്പം നിന്ന് കൊണ്ട് പട്ടാളി മക്കള്‍ കക്ഷി നേതാവായ എസ്. രാംദാസും നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനല്ലന്നാണ് രാംദാസ് പറഞ്ഞിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ കാര്യമായി മോദി ഭരണകൂടം ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന സുഷമ സ്വരാജിന്റെ പ്രസ്താവനയെയും അദ്ദേഹം എതിര്‍ത്തിരുന്നു