Dool Talk
വൈക്കം മുഹമ്മദ് ബഷീറായി മകന്‍ അഭ്രപാളിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Jul 14, 10:35 am
Thursday, 14th July 2011, 4:05 pm

കേരളീയ ചരിത്രത്തില്‍ സ്വന്തം ജീവിതം വരച്ച് കഥയെഴുതിയ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ്‌ ഇനി അഭ്രപാളികള്‍ക്ക് സ്വന്തമാവുകയാണ്. പ്രശസ്ത എഴുത്തുകാരന്‍ എന്‍ പി മുഹമ്മദ് എഴുതിയ “മുഹമ്മദ് അബ്ദുറഹിമാന്‍” എന്ന നോവലിനെ ആസ്പദമാക്കി പി ടി കുഞ്ഞുമുഹമ്മദ് “വീരപുത്രന്‍” എന്ന സിനിമയൊരുക്കുമ്പോള്‍ ചരിത്രത്തിന്റെ ഓര്‍മ്മപ്പാളികള്‍ നീ്ക്കി ഒരു പാട് കഥാപാത്രങ്ങള്‍ ഭൂതാവിഷ്ടരെപ്പോലെ മടങ്ങി വരികയാണ്. ഇവരില്‍ മലയാളികളുടെ പ്രിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറുമുണ്ട്.

സാക്ഷാല്‍ ബഷീറിന്റെ പ്രിയ മകന്‍ അനീസ് ബഷീര്‍ വെള്ളിത്തിരയില്‍ ബഷീറായി എത്തുന്നു എന്നതാണ് ഇവിടത്തെ കൗതുകം. തന്റെ ദേഹത്തെ “ടാറ്റ”യായി പകര്‍ന്നാടുമ്പോഴുള്ള അനുഭവങ്ങളെപ്പറ്റിയും ഒരു അഭിനേതാവായി ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള ആശങ്കകളെപ്പറ്റിയും അനീസ് ബഷീര്‍ ഡൂള്‍ ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ ജിന്‍സി ബാലകൃഷ്ണനോട് സംസാരിച്ചു. പ്രസക്ത ഭാഗങ്ങള്‍:


എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്?

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ സംവിധായകനായ പി.ടി കുഞ്ഞുമുഹമ്മദിനെ ഒരു പരിപാടിയ്ക്കിടയില്‍ കണ്ടിരുന്നു. അബ്ദുള്‍ റഹ്മാന്‍ സാഹിബിനെക്കുറിച്ച് സിനിമയെടുക്കുന്ന കാര്യം അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ചിത്രത്തില്‍ ബഷീറിന്റെ വേഷം നീ ചെയ്യണമെന്നും പറഞ്ഞു. തമാശയാണെന്നാണ് ഞാന്‍ കരുതിയത്.

ആറ് മാസം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. ചിത്രത്തിന്റെ ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുമെന്നും നീ വരണമെന്നും പറഞ്ഞു. അന്ന് അദ്ദേഹം കാര്യമായി പറഞ്ഞതാണെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെ ഷൂട്ടിങ്ങിനെത്തുകയായിരുന്നു.


അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നോ?

പി.ടി കുഞ്ഞുമുഹമ്മദ് സാര്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ എനിക്ക് വലിയ ഞെട്ടലായിരുന്നു. കാരണം അതിന് മുമ്പ് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമായിരുന്നു അത്. നാടകങ്ങളിലും മറ്റും ചെറുവേഷങ്ങള്‍ ചെയ്ത പരിചയം പോലും എനിക്കുണ്ടായിരുന്നില്ല.

പിന്നെ ഇവിടെ സിനിമയില്‍ അഭിനയിക്കുക എന്നതിനപ്പുറം മഹാഭാഗ്യമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എന്റെ ഉപ്പയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതിലും വലിയ ഭാഗ്യം ഇനിയുണ്ടാവില്ല.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്

അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ കഥയാണ് പറയുന്നതെന്ന് പറഞ്ഞല്ലോ. അതില്‍ ബഷീറിനും ചെറിയൊരു റോളുണ്ടായിരുന്നു. സ്വാതന്ത്രസമരത്തോട് ആകൃഷ്ടനായ ബഷീര്‍ സാഹിബിനടുത്തെത്തുന്നതും, ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതും, പോലീസ് മര്‍ദ്ദനമേല്‍ക്കുന്നതുമെല്ലാമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സിനിമയുടെ ഒരു ചെറിയ ഭാഗം.

അബ്ദുള്‍ റഹ്മാന്‍ സാഹിബും ബഷീറും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ?

ബഷീറിന് 19- 20 വയസുള്ളപ്പോഴാണ് അദ്ദേഹം മലബാറില്‍ നടക്കുന്ന സ്വാതന്ത്ര്യ സമരത്തിലേക്ക് ആകൃഷ്ടനാകുന്നത്. അന്ന് കൊടുങ്ങല്ലൂരിലെ സ്വതന്ത്ര്യസമരത്തില്‍ സ്ഥിരസാന്നിധ്യമായ പി.എ സെയ്ദുമുഹമ്മദിനെ ബഷീറിന് പരിചയമുണ്ടായിരുന്നു. ആ പരിചയമാണ് തലയോലപ്പറമ്പില്‍ നിന്നും സത്യാഗ്രഹ സ്ഥലത്തേക്ക് ബഷീറിനെ നയിക്കുന്നത്.

അബ്ദുള്‍ റഹ്മാന്‍ സാഹിബിനെക്കുറിച്ച് ബഷീര്‍ കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ നേരില്‍ കാണുന്നത് മൂന്ന് ദിവസമായി കഴിക്കാനൊന്നും കിട്ടാതെ അല്‍അമീന്‍ ലോഡ്ജില്‍ കിടക്കുന്ന ബഷീറിനോട് ആരാണെന്ന് സാഹിബ് ചോദിക്കുമ്പോഴാണ്. ആരാണെന്ന് പറയാന്‍ ഭാവമില്ല, പറഞ്ഞാലും നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് ബഷീര്‍ സ്ഥിരംഭാവത്തില്‍ മറുപടി നല്‍കുകയും ചെയ്യും. വാ നമുക്ക് എന്തെങ്കിലും കഴിക്കാം എന്ന് പറഞ്ഞ് സാഹിബ് ബഷീറിനെ ക്ഷണിക്കുന്നുണ്ട്. അങ്ങനെയുള്ള ചെറിയ പരിചയം മാത്രം.

പി.ടി കുഞ്ഞുമുഹമ്മദിനൊപ്പമുള്ള അനുഭവങ്ങള്‍

abdurahman-sahibചിത്രത്തില്‍ ബഷീറിന്റെ വേഷം ഞാന്‍ ചെയ്യണം എന്നു പറഞ്ഞപ്പോള്‍ എനിക്ക് സത്യത്തില്‍ പേടിയായിരുന്നു. ഞാനിതുവരെ അഭിനയിച്ചിട്ടില്ല. അഭിനയം എങ്ങനെയാണെന്നുപോലും അറിയില്ല. നീയതിനെക്കുറിച്ചൊന്നും പേടിക്കേണ്ടയെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ചിത്രീകരണവേളയിലും അദ്ദേഹം ഏറെ സഹായിച്ചു.

ഒരു തുടക്കക്കാരനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും എനിയ്ക്കുണ്ടായിരുന്നു. സംവിധായകനും, ക്യാമറാമാനും, അസോസിയേറ്റ് ഡയറക്ടറും, എന്നുവേണ്ട സെറ്റിലെ ഒട്ടുമുക്കയാളുകളും മുന്നിലുണ്ടാവും. ആദ്യമൊക്കെ മുഖത്ത് ഭാവം വരുമ്പോള്‍ സംഭാഷണത്തില്‍ പ്രശ്‌നം വരും. ഡയലോഗിന്റെ കാര്യത്തില്‍ ശ്രദ്ധിയ്ക്കുമ്പോള്‍ ഭാവം ഉണ്ടാവില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി.

ബഷീറിന്റെ ഏതൊക്കെ മാനറിസങ്ങളാണ് ചിത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്?

ബഷീര്‍ ചെറുപ്പകാലമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. മാനറിസങ്ങളില്‍ പലതും പിന്നീടാണ് അദ്ദേഹത്തില്‍ കാണാനാവുക. പക്ഷേ, ബഷീറിന്റെ ധിക്കാരവും, തന്റേടവും അന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. വിശന്ന് തളര്‍ന്ന് കിടക്കുമ്പോഴും അദ്ദേഹം അഭിമാനിയായിരുന്നു. എന്താണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല എന്നാണ് അദ്ദേഹം സാഹിബിനോട് പറയുന്നത്. അത് ഞാന്‍ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

എവിടെയൊക്കെയായിരുന്നു ലൊക്കേഷന്‍

കോഴിക്കോടായിരുന്നു ഞാനുള്‍പ്പെടുന്ന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. കാപ്പാട്, കുറ്റിച്ചിറ, വെള്ളിയില്‍ ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു.

സ്വന്തം അഭിനയത്തെ എങ്ങനെ വിലയിരിത്തുന്നു?

എനിക്ക് ചെയ്യാന്‍ കഴിയുന്നതുപോലെ ഞാന്‍ ചെയ്തിട്ടുണ്ട്. നന്നായി അല്ലെങ്കില്‍ മോശമായി എന്ന് പറയേണ്ടത് പ്രേക്ഷകരാണ്. അവര്‍ സിനിമകണ്ട് അഭിപ്രായം പറയും.