തിരുവനന്തപുരം: സി.പി.ഐ.യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്ത്. സി.പി.ഐ.യുടെ അക്രമത്തിനിരയാണ് താനെന്നും ഇപ്പോള്‍ അക്രമാരാഷ്ട്രീയത്തെക്കുറിച്ച് പറയുന്നവര്‍ ഇത് ഓര്‍ക്കണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. []
സി.പി.ഐയുടെ നിലപാട് മുന്നണിക്ക് ദോഷം ചെയ്യും. 1972ല്‍ തന്നെ അക്രമിച്ച് മൃതപ്രാണരാക്കിയവരാണ് സി.പി.ഐക്കാര്‍. ഇവരാണ് ഇപ്പോള്‍ അക്രമ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നതെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.
അക്രമരാഷ്ട്രീയത്തിന്റെ “പിതൃത്വത്തെ” ചൊല്ലി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം മൂക്കുന്നുവെന്ന സൂചനകളാണ് പുതിയ പ്രസ്താവനകള്‍ നല്‍കുന്നത്. ഇതുവരെ സി.പി.ഐ.എം ചുമന്നിരുന്ന അക്രമരാഷ്ട്രീയ ആരോപണങ്ങളുടെ ഭാണ്ഡം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി.പി.ഐയുടെമേല്‍ ചൊരിഞ്ഞതോടെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകക്ഷികളും രംഗത്തെത്തിയത്.
പിണറായിക്ക് മറുപടി നല്‍കിയ പന്ന്യന്‍ രവീന്ദ്രനെതിരെ അദ്ദേഹം തിങ്കളാഴ്ച വീണ്ടും പരസ്യമായി മറുപടി നല്‍കിയതോടെ തര്‍ക്കം രൂക്ഷമായി. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഐക്യം നഷ്ടപ്പെട്ട എല്‍.ഡി.എഫ് ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
സി.പി.ഐ.എമ്മുകാരെ സി.പി.ഐക്കാര്‍ വെട്ടിക്കൊന്നത് ഉയര്‍ത്തി ഞായറാഴ്ച പിണറായി വിജയനാണ് പുതിയ തര്‍ക്കത്തിന് തിരികൊളുത്തിയത്. ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ സി.പി.ഐ.എമ്മിനെ ലക്ഷ്യംവെച്ച് ആക്രമണങ്ങളുണ്ടായപ്പോള്‍ സഖ്യകക്ഷികളായ സി.പി.ഐ. പാര്‍ട്ടിയുടെ കൂടെ നിന്നില്ലെന്ന് നേരത്തെയും പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പരോക്ഷമായി പരാതിപ്പെട്ടിരുന്നു.
പകരം അക്രമരാഷ്ട്രീയത്തിനും പാര്‍ട്ടി ഓഫിസ് ആക്രമണത്തിനുമെതിരെ സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് സി.പി.ഐ ചെയ്തത്. ഇതോടെയാണ് മുന്നണിയിലും പുറത്തും മേല്‍ക്കൈ നേടുന്ന സി.പി.ഐയെ പ്രതിരോധത്തിലാക്കാന്‍ അക്രമരാഷ്ട്രീയ ആരോപണം പിണറായി തന്നെ നടത്തിയത്.
ആരെങ്കിലും പറയുന്നത് കേട്ട് പിണറായി പ്രതികരുക്കരുത് എന്നായിരുന്നു പിണറായിക്ക് പന്ന്യന്‍ മറുപടി നല്‍കിയത്. കൊലയാളികളുടെ തൊപ്പി സി.പി.ഐക്ക് ചാര്‍ത്തിത്തരരുതെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.
സി.പി.ഐക്കെതിരെ പരസ്യമായ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ രംഗത്തെത്തിയത് മുന്നണിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.