| Wednesday, 3rd April 2024, 1:21 pm

പൗരത്വ നിയമഭേദഗതി കാലത്തെ വൈക്കം സത്യാഗ്രഹ സ്മരണ

ദാമോദര്‍ പ്രസാദ്‌

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മാര്‍ച്ച് 30 1924 ന് വൈക്കത്ത് അവര്‍ണ്ണര്‍ നടത്തിയ പ്രക്ഷോഭം പൗരത്വത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ പ്രഥമ മുന്നേറ്റങ്ങളിലൊന്നായി മനസ്സിലാക്കാം. സഞ്ചാര സ്വാതന്ത്ര്യം പൗരത്വത്തെ പ്രതീകവല്‍ക്കരിക്കുന്നു. രാജഭരണത്തിന്‍ കീഴിലെ പ്രജയായിരിക്കുക എന്ന അടിമ കര്‍ത്തൃത്വത്തെ നിരാകരിച്ചുക്കൊണ്ട് പൗരത്വ സ്വത്വം നേടിയെടുക്കാനുള്ള അവകാശസമരമായിരുന്നു വൈക്കം സത്യഗ്രഹം, സാമൂഹിക നീതിയുടെ പരിപ്രേക്ഷ്യത്തില്‍. പൗരത്വമെന്നാല്‍ ആധുനികവും പാരമ്പര്യവിരുദ്ധവും ജാതിയില്‍ നിന്നും വിമോചിതമായ സ്വത്വമാണെന്നാണ് വൈക്കം സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭം ദൃഷ്ടാന്തപ്പെടുത്തുന്നത്.

സഞ്ചാരസ്വാതന്ത്ര്യം വിപുലമായ അര്‍ത്ഥമുള്ളതാണ്. അതിനാല്‍ പൗരത്വമെന്ന സത്തയില്‍ സഞ്ചാര സ്വാതന്ത്ര്യം നിബന്ധിതമായിരിക്കുന്നത് ഇഷ്ടമുള്ള തൊഴിലെടുക്കാനുള്ള അവകാശം, ആദാന പ്രദാനത്തിനുള്ള അംഗീകാരം, സ്വകാര്യത, ആവിഷ്‌ക്കാര സ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുമായാണ്.

രാജാധികാരത്തിന്റെ പരിധിക്കുള്ളില്‍ ജാതീയതയുടെ ആചാരനിബന്ധങ്ങള്‍ക്കനുസരിച്ചുള്ള പരിധികളും പരിമിതികളും പ്രതിബന്ധങ്ങളും മാത്രമാണ് പ്രജ എന്ന സത്തയില്‍ നിബദ്ധമാകുന്നത്. വൈക്കം സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ സ്മരണ ഇന്ത്യന്‍ പൗരത്വത്തെ വിവേചനപരമായി നിശ്ചയിക്കപ്പെടുന്നത്തിനെതിരെയുള്ള പ്രതിരോധങ്ങള്‍ ഉയരുന്ന വേളയില്‍ ആധുനിക പൗരത്വ സങ്കല്പനത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന സമത്വത്തിന്റെ സാര്‍വത്രികതയെക്കുറിച്ചും ചലനാത്മകയെക്കുറിച്ചും വ്യക്തിസത്തയുടെ സ്വാച്ഛന്ദ്യത്തെക്കുറിച്ചുള്ള ഗഹനപാഠവുമാകുന്നു.

എന്തുകൊണ്ടാണ്‌ ഈ പാഠം ആവര്‍ത്തിതമായി ഉള്‍ക്കൊള്ളാന്‍ നമ്മള്‍, ഇന്ത്യന്‍ പൗരന്മാരെ പ്രേരിപ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പുകളില്‍ സാര്‍വത്രിക വോട്ടവകാശം കരഗതമായത് പൗരത്വത്തിന്റെ അവകാശതുടര്‍ച്ച എന്ന നിലയില്‍ ജനഹിതത്തിന്റെ അടയാളമായി പ്രാതിനിധ്യ ജനാധിപത്യ സംവിധാനം സ്ഥാപിതമായതോടെയാണ്.

പ്രജാസഭകളുടെയും പ്രജാമണ്ഡലങ്ങളുടെയും കാലത്ത് വോട്ടവകാശം സാര്‍വ്വത്രികമായിരുന്നില്ല എന്ന് മാത്രമല്ല ജന്മിക്കും ജാതി മേലാളര്‍ക്കും മാത്രമായി സമ്മതിദാന അവകാശം ചുരുക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമെ മറ്റുള്ളവരെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം രാജാധികാരിക്കാണ്. അധികാരത്തിന്റെ വെളിമ്പുറങ്ങളില്‍ അധിവസിക്കേണ്ട പ്രജകള്‍ക്ക് രാജാധികാരത്തിന്റെ പാവനമായ ഉദാരതയുടെ ക്ഷേമാര്‍ത്ഥിയായി നിലക്കൊള്ളുക എന്ന് മാത്രമായിരുന്നു അതിജീവനത്തിനായുള്ള ഏകഗതി.

വൈക്കം സഞ്ചാര സ്വാന്ത്ര്യത്തിന്റെ ശതാബ്ദിവര്‍ഷമാഘോഷിക്കുന്ന നമ്മള്‍ മനസ്സിലാക്കേണ്ടത് പ്രക്ഷോഭത്തിന്റെ വിജയകരമായ സമാപ്തിയുടെ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും യാതൊരു ചരിത്രബോധവുമില്ലാതെ 2024 -ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി പൗരനു പകരം പ്രജാ എന്നുച്ചരിച്ചിട്ടുണ്ടെങ്കില്‍ അത് നിസ്സാരമായി കാണേണ്ടതല്ല, കാരണം പൗരത്വത്തില്‍ നിന്നും പ്രജ എന്ന സ്ഥാനത്തേക്ക് നമ്മള്‍ ചവുട്ടി താഴ്ത്തപ്പെടുന്നതിനെ സാധൂകരിക്കയാണ് അത്തരം ഭൂതാവിഷ്ടമായ കാഴ്ചപ്പാടുകള്‍.

ആധുനിക ഇന്ത്യന്‍ പൗരത്വം തന്നെ ഇന്ത്യയിലെ എല്ലാ ജീവിത ശ്രേണിയിലുംപ്പെട്ട എല്ലാ ജനവിഭാഗത്തിനും ഒരേപോലെ അനുഭവവേദ്യമാണോ എന്ന പ്രശ്‌നം ഇന്നും നിലനില്‍ക്കുന്നുണ്ട്. ദളിത് -ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തെ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടുമ്പോഴും അടിത്തട്ടുകളില്‍ ഇത് നടപ്പാക്കപ്പെടാതെ പോകുന്നത് ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടിനാലാണ്.

ആദിവാസി -ദളിത് ജനവിഭാഗങ്ങള്‍ പൂര്‍ണ പൗരത്വതിനര്‍ഹമല്ല എന്ന സമീപനത്താലാണ് ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ നിന്നും ഈ നിഷേധാത്മകതയുണ്ടാകുന്നത്. സ്വന്തമായി ഭവനം നിര്‍മിക്കാനും തൊഴില്‍ സംരഭം ആരംഭിക്കാനും ബാങ്ക് വായ്പകളാണ് ഒട്ടുമിക്കപ്പേരും ആശ്രയിക്കാറുള്ളത്. എന്നാല്‍ ബാങ്ക് വായ്പയ്ക്ക് അര്‍ഹമാകാന്‍ മറ്റു ഘടകങ്ങള്‍ ആവശ്യമാണ്.

ഭൂസ്വത്ത്, സ്ഥിരവരുമാനം ഇത്യാദി ഘടങ്ങളുടെ പ്രാഥമികമായ തന്നെയുളള അഭാവത്തില്‍ സാമൂഹിക സാമ്പത്തിക ശ്രേണിയില്‍ നിലവിലുള്ള അവസ്ഥയില്‍ നിന്നുള്ള മുന്നോട്ടുള്ള ചലനാത്മകത നിഷേധിക്കപ്പെടുകയാണ്. പൗരത്വം ബൂര്‍ഷ്വാജീവിതവ്യവസ്ഥയുമായും ബന്ധപ്പെട്ട അവകാശ സങ്കല്‍പനമാണ്. ഈ സങ്കല്‍പനത്തില്‍ പ്രധാനമാകുന്നത് ചലനാത്മകതയാണ്. ഇതാണ് നിഷേധിക്കപ്പെടുന്നത്.

സഞ്ചാര സ്വാന്ത്ര്യം ഒരു അവകാശം എന്ന നിലയില്‍ സന്ദര്‍ഭാനുസരണം കൂടുതല്‍ വിപുലപ്പെടുകയും അര്‍ത്ഥസാന്ദ്രീകൃതമാവുകയും ചെയ്യുന്നു. സഞ്ചാര സ്വാതന്ത്ര്യം ജന്മാവകാശമാണെന്നാണ് വൈക്കം സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭം ആഹ്വാനം ചെയ്തത്. മാത്രമല്ല, വൈക്കം സത്യഗ്രഹത്തിന് ആദ്യ നേതൃത്വം നല്‍കിയ ജോര്‍ജ് ജോസഫ് പൗരത്വ അവകാശത്തെപറ്റിയും പ്രതിപാദിക്കുന്നുണ്ട്.

ജോര്‍ജ്ജ് ജോസഫ്

പ്രജാസ്ഥാനത്തില്‍ നിന്നും ആധുനിക പൗരത്വത്തിലേക്കുള്ള അവകാശ മുന്നേറ്റത്തിന്റെ സൂചനയായും ഇത് മനസ്സിലാക്കാം. ഭരണഘടന അസംബ്ലിയില്‍ ആധുനിക ഇന്ത്യന്‍ പൗരത്വത്തെക്കുറിച്ച് ബി.ആര്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച സങ്കല്‍പത്തിന്റെ ധാരണകള്‍ സഞ്ചാരസ്വന്തന്ത്ര്യം ജന്മാവകാശമാണെന്ന മുദ്രാവാക്യത്തിലും മുഴങ്ങുന്നു.

ഭരണഘടനാ അസംബ്‌ളി പൗരത്വത്തിനുള്ള അര്‍ഹതയായി സംശയരഹിതമായും പ്രഖ്യാപിച്ചത് ജസ് സോളി (jus soli) എന്ന തത്വമാണ്. ജന്മാവകാശം എന്നത് തന്നെയാണ് വിവക്ഷ. രാജ്യത്തില്‍ ജനിച്ചുവെന്നതാണ് പൗരത്വത്തിന് ആധാരമാകുന്ന ഘടകം. ജസ് സാംഗൈന്‍ (jus sanguineരക്തം, വംശം, വംശം) എന്ന വംശീയ തത്വത്തെക്കാള്‍ ആധുനികവും നാഗരികവും പ്രബുദ്ധവും ജനാധിപത്യതത്വപരവുമായതും എന്ന നിലയിലാണ് പൗരത്വത്തിന്റെ അടിസ്ഥാനമായി ജന്മാവകാശം മാനദണ്ഡമായത്.

ആധുനിക സിവില്‍ സമൂഹത്തിന്റെ രൂപീകരണത്തില്‍ പൗരത്വം സുപ്രധാനമായ ഏകകമാണ്. വൈക്കം പ്രക്ഷോഭത്തിന്റെ ഭാഗമായി ജാതി എന്ന സാമൂഹിക വിവേചനത്തിനെതിരെ സഹോദരന്‍ അയ്യപ്പന്‍ സമരത്തില്‍ അണിചേരവേ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം സാമൂഹിക മാറ്റത്തിന്റെ സവിശേഷ ലക്ഷ്യമായി മുന്നോട്ട് വെക്കുന്നുണ്ട്.

ഭരണഘടന വിഭാവനം ചെയ്യുന്ന ആധുനിക ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ അടിസ്ഥാന പ്രേരണയായി ഇതു മാറുകയും ചെയ്യുന്നു, ബൂര്‍ഷ്വാ സങ്കല്‍പനമായിരിക്കെ തന്നെ പൗരത്വത്തിന്റെ അന്തസത്ത എന്നത് സമത്വവും സാഹോദര്യവുമാണ്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഇത് നിഷേധിക്കുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ തന്നെ ഭാഗമായ വൈക്കം സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള സാമൂഹിക പ്രക്ഷോഭം പൗരത്വ വിവേചനത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് പ്രചോദനകരമാകുന്നു. വൈക്കം സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭം ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമാണെന്നും ക്രൈസ്തവനായ ജോര്‍ജ് ജോസഫ് സമരത്തില്‍ നിന്നും മാറിനില്‍ക്കണമെന്നും ഗാന്ധി ആവശ്യപ്പെടുകയും അദ്ദേഹം മാറിനില്‍ക്കുകയും ചെയ്തു എന്നത് വസ്തുതയായാണ്.

ഗാന്ധിജിയുടെ ഈ നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. വിവേചനരഹിതമായ പൊതുസമൂഹികതയെയാണ് വൈക്കം പ്രക്ഷോഭം വിഭാവനം ചെയ്തത് എന്നാണ് വിമര്‍ശനത്തിനു നിദാനം. വിവിധങ്ങളായ അവകാശങ്ങള്‍ക്ക് അര്‍ഹനാകുന്നു പൗരന്‍. അവകാശത്തിന്റെ തലത്തില്‍ മാത്രമായല്ല ഇതു നിലക്കൊള്ളുന്നത്. സഹവര്‍ത്തിത്വവും സഹാനുഭൂതിയും പരസ്പര്യവുമൊക്കെ വിവേചനരഹിതമായ പൗരത്വത്തിന്റെ അടിസ്ഥാനമാണ്.

പൂര്‍ണ്ണ പൗരത്വം എന്നതിനര്‍ത്ഥം ഇതുവരെ അദൃശ്യവും പരിഗണിക്കപ്പെടാത്തവരുടെയും ദൃശ്യവല്‍ക്കരണം എന്നതുകൂടിയാണ്. പൗരര്‍ക്ക് അവരുടെ പൗരാവകാശങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള ആദരവും ആദരത്തോടെയുള്ള പ്രതികരണ മനോഭാവവും പ്രധാനമാകുന്നു.

വൈക്കം പ്രക്ഷോഭ ചരിത്രം വായിച്ചവര്‍ക്കറിയാം തിരുവിതാംകൂറിലെ ക്രൈസ്തവരും മുസ്‌ലിങ്ങളുമായിരുന്ന ധാരാളം പേര്‍ വൈക്കം സത്യഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. വൈക്കം സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭം ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ സമരമെന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അവരുടെ തലത്തില്‍ നിന്നും പിന്തുണ പ്രകടിപ്പിച്ചിരുന്നു. ക്ഷേത്ര പ്രവേശനമായി ബന്ധപ്പെട്ട പരിമിത പ്രശ്‌നമല്ല പകരം സഞ്ചാര സ്വാതന്ത്ര്യം എന്ന സാര്‍വത്രികമായി മൂല്യമുള്ള ഒരു അവകാശം എന്ന നിലയ്ക്കാണ് ഈ പിന്തുണ പ്രധാനമാകുന്നത്.

നമ്മള്‍ എന്തിനുവേണ്ടിയാണ് വൈക്കം സഞ്ചാര സ്വാതന്ത്ര്യത്താനായുള്ള സത്യാഗ്രഹ പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കുന്നത്? ഇവിടെ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിയെയും അതിന്റെ സാമൂഹിക വിവേചനതിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും വിവേചനത്തിനിരകളായവര്‍ തന്നെ എങ്ങനെ പുതുതായി ലഭ്യമായിരുന്ന സമര മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പിച്ചുവെന്ന പ്രചോദനകരമായ ചരിത്ര പാഠം നമ്മുടെ വര്‍ത്തമാനകാല അവകാശപ്രക്ഷോഭങ്ങള്‍ക്ക് ആലംബമാക്കാനാണ്.

സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ അനന്തരഫലമെന്നോണം വിവേചരഹിതമായ പൗരത്വത്തെക്കുറിച്ചുള്ള ആധുനികമായ തിരിച്ചറിവ് സമൂഹത്തില്‍ വ്യാപാരിക്കുകയും ചെയ്തു. വിസ്മൃതമാകാതെ സൂക്ഷിക്കപ്പടുന്ന വൈക്കം പ്രക്ഷോഭത്തിന്റെ സ്മരണ വര്‍ത്തമാനത്തിന്റെ ആപത്സന്ധിയില്‍ പുതുപ്രേരണയായി മാറുന്നു.

പ്രക്ഷോഭത്തിന്റെ കാലയളവില്‍ ഗാന്ധി കേരളത്തില്‍ വരുന്നതും വൈക്കം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയുമായി അനുരഞ്ജന സംഭാഷണം നടത്തുന്നതും തിരുവിതാംകൂര്‍ റസിഡന്റ് മഹാറാണിയെ ബോധവല്‍ക്കരിക്കുന്നതും എന്നാല്‍ ശ്രീനാരായണ ഗുരുവുമായുള്ള സംഭാഷണത്തിലൂടെ വിവേചനരഹിതമായി മനുഷ്യസത്തയെക്കുറിച്ചുള്ള ബോധോദയം ഗാന്ധിനേടുന്നതും വൈക്കം സത്യഗ്രഹ സ്മരണയില്‍ പരാമര്‍ശിതമാകാറുണ്ട്.

പൗരത്വത്തിലേക്ക് ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് പ്രവേശനാനുമതി ഏതാണ്ട് തന്നെ നിഷേധിക്കപ്പെട്ടിരുന്ന കാലത്തില്‍ അല്‍പമാത്രം പരിഷ്‌ക്കരണം എന്ന നിലയില്‍ ബഹുഭൂരിപക്ഷവും വരേണ്യ പ്രതിനിധ്യമുണ്ടായിരുന്ന ശ്രീമൂലം പ്രജാ സഭയുടെ നടപ്പുസമ്മേളനത്തിന്റെ അവസാനദിനത്തിലാണ് വൈക്കം ഉള്‍പ്പെടെയുള്ള സകല ക്ഷേത്രങ്ങളുടെയും സമീപമുള്ള റോഡിലൂടെ സഞ്ചാരത്തിനുള്ള അനുമതിവേണമെന്ന് ആവശ്യം പ്രജാസഭയില്‍ ഉന്നയിക്കപ്പെട്ടത്. പക്ഷെ ഇത് വിജയിച്ചില്ല.

രാജാവിന്റെ പ്രജാക്ഷേമ ഉദാരതയായി സഞ്ചാര സ്വാതന്ത്ര്യത്തെ കാണേണ്ടതില്ല എന്നതാണ് ചരിത്രപരമായ വസ്തുത. പ്രക്ഷോഭവും പ്രക്ഷോഭം സമൂഹത്തില്‍ ചെലുത്തിയ പ്രഭാവവും സാമൂഹിക ഘടനയില്‍ സൃഷ്ടിച്ച പരിവര്‍ത്തനോമുഖമായ ചലനങ്ങളും ബഹുമത പിന്തുണയും മതപരിവര്‍ത്തനപരമായ സാധ്യതകളുമാണ് ഈ അവകാശസമരത്തിന് അനുകൂലമായ ഫലത്തിലേക്ക് നയിച്ച ഘടകങ്ങള്‍. ടി കെ മാധവന്റെ ഇച്ഛാശക്തിയും നേര്‍തൃത്വപരമായ ദിശാബോധവും സ്മരണീയമാകുന്നു.

രാജാവാഴ്ച്ചയിലെ പ്രജാസ്ഥാനത്തില്‍ നിന്ന് ജനാധിപത്യത്തിലെ പൗരത്വത്തിലേക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനം ഉള്‍ക്കൊള്ളാന്‍ പറ്റാത്ത മനസ്ഥിതിയുള്ളവരാണ് സമകാലിക സ്വേച്ഛാധികാര പരമാധികാരത്തിന്റെ വാഴ്ത്തുകാരായി അടിമയായി സ്വയം നിലയൊപ്പിച്ചുക്കൊണ്ടു പൗരത്വത്തിനു പകരമായി ജനത്തെ പ്രജയായി കാണുന്നത്.

എന്തുകൊണ്ടും നിരാകരിക്കേണ്ട അസംബന്ധമാണിത്. പിറകിലേക്ക് നടക്കേണ്ട സമൂഹത്തിന്റെ ഗതികേടാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നത്. ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയുടെ അഭിദാനങ്ങളാല്‍ സങ്കല്‍പിതമായ പൗരത്വം ഭരണഘടനാധിഷ്ഠിതമായ ആധുനിക പൗരത്വ സങ്കല്പത്തിനൊപ്പം ചേര്‍ന്നു പോകുന്നതല്ല. ശ്രേണിവത്കൃതവും മതവിവേചനപരവുമാണ് സാംസ്‌കാരിക ദേശീയതുടെ പൗരത്വസങ്കല്പനം. പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ശ്രേണിവല്കരിച്ചിരിക്കുകയാണ്. ഇതിന്റെ അനുരണനങ്ങള്‍ പൗരത്വഭേദഗതി നിയമത്തിലും കാണാം.

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ കാലത്തു വൈക്കം സത്യഗ്രഹത്തിന്റെ ദീപ്തസ്മരണ പൗരത്വ വിവേചനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ സംഘാടന രീതിയിലെ സവിശേഷതകളെയും കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. വൈക്കം സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭത്തിന്റെ ദേശീയ സ്വഭാവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇ.വി രാമസ്വാമി നായ്ക്കരുടെ, പെരിയോരുടെ സജീവ പങ്കാളിത്തം ദേശീയ പ്രസ്ഥാനത്തിലെ സാമൂഹിക നീതിക്കായി നിലക്കൊണ്ടവരുടെ സ്വാതന്ത്ര്യസങ്കല്പത്തിന്റെ സാമൂഹിക മാനങ്ങളെയാണ് ദൃശ്യപ്പെടുത്തുന്നത്.

വൈക്കം പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി രണ്ടു തവണ കഠിന തടവിന് പെരിയോര്‍ ശിക്ഷിക്കപ്പെട്ടു. പെരിയോറിന്റെ അധ്യക്ഷതയില്‍ നടന്ന വിജയാഘോഷത്തില്‍ ക്ഷേത്രമതില്‍ക്കെട്ടിന്റെ അകത്തേക്കുള്ള പ്രവേശനമാണ് അടുത്ത ലക്ഷ്യമെന്നും പ്രഖ്യാപിക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തിനു ഐക്യദാര്‍ഢ്യവുമായി പഞ്ചാബില്‍ നിന്നും വന്ന അകാലികള്‍ സജീവ സാന്നിധ്യമായിരുന്നു.

വിവേചനരഹിതമായ പൊതുപാചകശാല എന്ന അറിവ് മലയാളികള്‍ക്ക് പകര്‍ന്നുനല്‍കിയത് അകാലികളാണ്. ദേശീയ പ്രാധാന്യവും ഐക്യദാര്‍ഢ്യവും ഗാന്ധി അംഗീകരിച്ചിരുന്നില്ല എന്ന് മാത്രമല്ല എതിര്‍ത്തുകൊണ്ടിരുന്നു. സഞ്ചാര സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ അസാന്നിധ്യവും ചരിത്രപരമായ വസ്തുതയാണ്. മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ്ണ ജാഥ ഓര്‍ക്കാറുള്ളതുമാണ്. മഹാത്മാ അയ്യന്‍ങ്കാളി വൈക്കം സത്യാഗ്രഹത്തില്‍ നിന്നും മാറിനിന്നതിനെക്കുറിച്ചുള്ള സൂചനകള്‍ എസ്.കെ വസന്തന്‍ ‘നമ്മള്‍ നടന്ന വഴികള്‍’ എന്ന ചരിത്രപുസ്തകത്തില്‍ വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള ഭാഗത്തില്‍ നല്‍കുന്നുണ്ട്.

വൈക്കത്തു 1924 -ഫെബ്രുവരിയില്‍ കെ.പി കേശവമേനോന്‍ പങ്കെടുത്ത സാധുജന പരിപാലന സംഘത്തിന്റെ ഒരു ശാഖയുടെ സമ്മേളനം നടന്നിരുന്നു. നിരോധിത വഴിയിലൂടെ അവര്‍ണ്ണര്‍ നടക്കുമെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചിരുന്നു. ‘അധഃകൃതര്‍ക്ക് യാത്ര നിരോധിച്ചുകൊണ്ട്’ ഒരു ബോര്‍ഡ് പിന്നീട് സ്ഥാപിക്കുകയുണ്ടായി. ഈ ബോര്‍ഡ് സ്ഥാപിച്ചതാകട്ടെ കെ.പി ശങ്കരമേനോന്റെ ഉത്തരവ് പ്രകാരവും. കെ.പി ശങ്കരമേനോനാണ് മലയാളി മെമ്മോറിയലിന്റെ ഒന്നാം ഒപ്പുകാരന്‍ എന്നതാണ്.

വഴിനടക്കല്‍ എന്ന പ്രശ്‌നം വിട്ടുകളഞ്ഞുകൊണ്ട് സത്യഗ്രഹമാക്കി മാറ്റിയത് സാധുജന പരിപാലന സംഘത്തില്‍ നിന്നും മറച്ചുവെച്ചു എന്നൊരു വാദമുണ്ട്. മാത്രമല്ല, സമരം തുടങ്ങുന്ന ദിവസം കോണ്‍ഗ്രസ്സ് തിരുവിതാംകൂറിലെ എല്ലാ ജനപ്രതിനിധികളെയും അറിയിക്കുകയും സഹായം തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളെ മാത്രം വിട്ടുകളഞ്ഞു- മഹാത്മാ അയ്യങ്കാളിയെ. സഞ്ചാര സ്വാതന്ത്ര്യം ചങ്കൂറ്റത്തോടെ നേടിയെടുത്ത അനുഭവപരിചയമുള്ള വ്യക്തിയെയാണ് സഹായ അഭ്യര്‍ത്ഥനയില്‍ നിന്നും വിട്ടുകളഞ്ഞത്.

ഇങ്ങനെയുള്ള ചരിത്രപരമായ വസ്തുതകളും മനസ്സിലാക്കലുകളും ഉള്‍ക്കൊണ്ടുതന്നെ വിവേചനപരമായ സാമൂഹിക വ്യവസ്ഥയ്ക്കെതിരെയുള്ള പ്രക്ഷോഭം എന്ന നിലയില്‍ വൈക്കം സഞ്ചാര സ്വാതന്ത്ര്യം പ്രക്ഷോഭത്തിന്റെ ചരിത്രാനുഭവം സമകാലികതയില്‍ മുതല്‍ക്കൂട്ടാകുന്നു. പൗരത്വത്തിനായി നടന്ന ഈ പ്രക്ഷോഭം പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യ മുന്നേറ്റങ്ങള്‍ക്ക് പുത്തനുണര്‍വ് പകരുന്നു.

ദാമോദര്‍ പ്രസാദ്‌

We use cookies to give you the best possible experience. Learn more