വിജയ് രാഷ്ട്രീയം പറയുന്നത് സിനിമ തിയ്യേറ്ററില്‍ ഓടാനാണെന്ന് വൈഗൈ സെല്‍വന്‍; 'വിജയ് അടക്കമുള്ളവര്‍ ഇങ്ങനെയാണ് സിനിമ ഓടിക്കുന്നത്'
indian cinema
വിജയ് രാഷ്ട്രീയം പറയുന്നത് സിനിമ തിയ്യേറ്ററില്‍ ഓടാനാണെന്ന് വൈഗൈ സെല്‍വന്‍; 'വിജയ് അടക്കമുള്ളവര്‍ ഇങ്ങനെയാണ് സിനിമ ഓടിക്കുന്നത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2019, 1:45 pm

പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്‍ വിജയ് തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെക്കെതിരായിരുന്നു വിജയ് ഒളിയമ്പെയ്തത്.

ഏത് മേഖലയായാലും പണി അറിയാവുന്നയാളായിരിക്കണം അവിടെ നിയമിതനാവേണ്ടത്. ജനങ്ങള്‍ ശരിയായ ഭരണാധികാരിയെ കണ്ടെത്തിയാല്‍ തീരുന്ന പ്രശ്‌നമാണ് ഇപ്പോഴുള്ളതെന്നും വിജയ് പറഞ്ഞു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ശുഭശ്രീയെയും പ്രസംഗത്തില്‍ വിജയ് ഓര്‍മ്മിച്ചു. ശുഭശ്രീയുടെ മരണത്തിന് കാരണമായ രാഷ്ട്രീയ നേതാവ് ഇപ്പോഴും സ്വതന്ത്രനാണ്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും വിജയ് പറഞ്ഞിരുന്നു. എ.ഐ.എ.ഡി.എം.കെ മുന്‍ കൗണ്‍സിലറാണ് ശുഭശ്രീയുടെ മരണത്തില്‍ ആരോപണവിധേയനായിരിക്കുന്നത്.

വിജയുടെ ഈ പ്രസംഗത്തിനെതിരെ എ.ഐ.എ.ഡി.എം.കെ നേതാവ് വൈഗൈ സെല്‍വന്‍ രംഗത്തെത്തി. ഇപ്പോള്‍ ഒരു സിനിമ 20 ദിവസം പോലും ഓടാന്‍ ബുദ്ധിമുട്ടുകയാണ്. കൂടുതല്‍ ഓടുന്നതിന് വേണ്ടിയാണ് രാഷ്ട്രീയത്തെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് വൈഗൈ സെല്‍വന്റെ പ്രതികരണം.

ഇപ്പോഴത്തെ സിനിമകളില്‍ രണ്ടുമാസം ഓടുന്നതിന് വേണ്ടി മര്യാദക്കുള്ള കഥകളില്ല. അപ്പോഴാണ് പൊതുപരിപാടികളില്‍ ഇത്തരം രാഷ്ട്രീയം കലര്‍ന്ന വാക്കുകള്‍ ഉപയോഗിക്കുന്നത്. അത് പിന്നീട് വിവാദമായി സിനിമ വിജയിക്കണം. വിജയും അത്തരം കാര്യങ്ങള്‍ ചെയ്യുന്ന നടന്മാരില്‍ ഒരാളാണ്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓടുന്നതെന്നും വൈഗൈ സെല്‍വന്‍ പറഞ്ഞു.