| Monday, 19th April 2021, 5:56 pm

ദുരഭിമാനത്തിന്റെയും ദുരാര്‍ത്തികളുടെയും ധൃതരാഷ്ട്രാലിംഗനങ്ങളില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെയാരാണ് രക്ഷിക്കുക?

ഷിജു. ആര്‍

ചോറും കൂട്ടാനും വച്ച് കളിക്കുന്ന പ്രായത്തില്‍ കുപ്പികള്‍ക്കു മുകളില്‍ കണ്ണന്‍ ചിരട്ട കുത്തിവച്ച് ഇത് നമ്മുടെ വാവയെന്ന് പറഞ്ഞ് ഇലച്ചാറില്‍ കുഴച്ച മണല്‍ ചോറ് തീറ്റിയ ഒരു പെണ്‍കുഞ്ഞുണ്ടായിരുന്നു. പാവക്കുഞ്ഞുങ്ങള്‍ക്ക് കണ്ണെഴുതുകയും പൊട്ടു തൊടുകയും ചെയ്തവള്‍.
കാലത്തിന്റെ വളവുതിരിവുകളില്‍ ഒരിടത്ത് വച്ച് വീട്ടു തൊടിയിലെ കിണറാഴത്തിലേക്ക് സ്വന്തം കുഞ്ഞിനെ വലിച്ചെറിഞ്ഞ് അവളും ചാടി. പക്ഷേ കുഞ്ഞിനെ മരണത്തിന്റെ മറുകര കടത്തിയ വിധി അവളെ ജീവിതം കൊണ്ട് ശിക്ഷിച്ചു.

ഈ കഥ ഇങ്ങനെയല്ല പറയേണ്ടത്. ഗര്‍ഭപാത്രത്തിലെ പൊടിപ്പായോ ചുരത്തുന്ന മുലക്കണ്ണിന്റെ വിങ്ങലായോ അറിഞ്ഞ കുഞ്ഞിനെയും കൊണ്ട് ആഴങ്ങളും കയങ്ങളും തേടുന്ന എല്ലാ അമ്മമാരും ഒരു കാലത്ത് പാവകളെ മണല്‍ച്ചോറൂട്ടുകയും കണ്ണെഴുതി പൊട്ടു തൊടീക്കുകയും ചെയ്തിട്ടുണ്ടാവണം.

‘രണ്ടുപേര്‍ക്ക് ജീവിക്കാനെത്ര പണം വേണം?’ ഭാവിയെ ഇരുട്ടായിക്കണ്ട് പേടിച്ചിരിക്കുന്ന സമപ്രായക്കാരനായ കാമുകന്റെ കൈ തന്റെ ഉള്ളം കയ്യില്‍ പൊതിഞ്ഞുപിടിച്ച് അവള്‍ ചോദിച്ചു. അവളുടെ ഉള്ളംകയ്യിലെ വിയര്‍പ്പ് പടര്‍ന്ന് അവനൊന്ന് തണുത്തു. അവളുടെ ചിരി പകര്‍ന്ന പ്രകാശത്തില്‍ അവന്റെ പേടി മാഞ്ഞു. കൂട്ടുകാര്‍ സംഘടിപ്പിച്ച ഒറ്റമുറി വാടക വീട്ടില്‍ പഴയ പത്രമാസികകള്‍ അട്ടിയിട്ടതിനു മുകളില്‍ ബഡ്ഷീറ്റും തലയണയും വിരിച്ച് ഇരിപ്പിടവും കട്ടിലുമാക്കി അവര്‍ ജീവിതമാരംഭിച്ചു. പാരലല്‍ കോളേജും പ്രാദേശിക പത്രപ്രവര്‍ത്തനവും പലതരം തൊഴിലുകളുമായി ആ ജീവിതം ഇപ്പോഴും പുതുമകളില്‍ നിന്ന് പുതുമകളിലേക്ക് പ്രയാണമാവുന്നു.

ആവശ്യത്തിലുമധികം പണം മോഹിച്ചു കടക്കാരനായൊരാള്‍ സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ത്തു ഞെരിച്ചു കൊന്നു എന്നൊരു വാര്‍ത്തയുടെ വിശദാംശങ്ങളാണ് ചാനലുകള്‍ നിറയെ. ആരുടെ നരകദാഹങ്ങള്‍ തൃപ്തിപ്പെടുത്താനാണ് ഇത്ര വിശദമായി ഇവരിതു പറയുന്നതാവോ? ഏത് സുഖഭോഗങ്ങളാണ് സ്വന്തം ജീവിതം വച്ചുള്ള ചൂതാട്ടത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്? ദാരിദ്ര്യം അതിന്റെ നിസ്സഹായതകള്‍ കൊണ്ടല്ല, അതാരെങ്കിലും അറിഞ്ഞു പോയേക്കുമോ എന്ന സംശയത്താലാണ് ഇന്ന് നമ്മെ ഭയപ്പെടുത്തുന്നത്.

അപ്രതീക്ഷിതമായി അതിഥികളെത്തുമ്പോള്‍ ഒരു സ്റ്റീല്‍ ഗ്ലാസ് അളവ് പഞ്ചസാരയായി, ഒഴക്ക് പാലായി, ഒരു ചേരിപ്പൊളിയില്‍ കനലു വെച്ചു കൊളുത്തിയ തീയായി ആരും ചോദിക്കാതെ തന്നെ അങ്ങോട്ടുമിങ്ങോട്ടും എത്തുന്ന നമ്മുടെ അയല്‍പ്പക്കബന്ധങ്ങള്‍. അപ്പുറത്തെ വീട്ടിലെ കൊച്ചിനെ പെണ്ണുകാണാന്‍ വരുമ്പോള്‍ ‘ഒരു തരിപ്പൊന്നില്ലാണ്ടെങ്ങനാ പെണ്ണിനെ കോനാ കീക്കുക?’ എന്നു ചോദിച്ച് കഴുത്തിലഴിച്ചു അടുക്കള വഴി കൊണ്ടുക്കൊടുക്കുന്ന വീട്ടമ്മമാര്‍. അത് കഴുത്തിലണിഞ്ഞു പൊന്നു വെക്കേണ്ടിടത്ത് പൂവെക്കാന്‍ ദുരഭിമാനം തടസ്സം നില്‍ക്കാത്ത കാലം. പെണ്ണിനു പൊന്ന് അനിവാര്യമെന്ന പൊതുബോധത്തിന്റെ ന്യായീകരണമല്ല ഈ കുറിപ്പ്. അന്ധമായ ഭൂതകാലരതിയും ഈ പോസ്റ്റിന്റെ താല്പര്യമല്ല.

അവനവന്‍ കേന്ദ്രിത സ്വര്‍ഗ്ഗങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കുന്ന അത്യാധുനിക നാഗരികത നമ്മുടെ ദുരഭിമാനത്തിന്റെ മതില്‍ മാനംമുട്ടെ ഉയര്‍ത്തി നമ്മുടെ അയല്പക്കങ്ങളെ ഇല്ലാതാക്കുന്നു. തന്റെ ദാരിദ്ര്യത്തെക്കുറിച്ച് മറ്റൊരാള്‍ അറിയുന്നത് ആത്മഹത്യയുടെ കാരണമാവുന്നു.
ഭരണകൂടങ്ങളെന്ന പോലെ വ്യക്തികളും കടം വാങ്ങലും പൊങ്ങച്ചവും സ്വാഭാവികതയായി ശീലിക്കുന്നു. നവകാല ഷൈലോക്കുമാരുടെ കെണികളില്‍ കുരുങ്ങി ശേഷിക്കുന്ന ജീവിതത്തിന്റെ മജ്ജയും ചോര വാര്‍ന്ന മാംസക്കഷ്ണങ്ങളുമായി ഊഴം കാത്തുനില്‍ക്കുന്നു.

എത്രയോ കഥകള്‍ കേട്ടുറങ്ങിയ അച്ഛന്റെ നെഞ്ചിലാണ് ആ കുഞ്ഞ് മുഖമമര്‍ന്ന് ശ്വാസം കിട്ടാതെ, ആലിംഗനമെന്ന് കരുതിയ കഴുത്തുഞെരിക്കലില്‍ പിടഞ്ഞു തീര്‍ന്നത്. അയാളുടെ കൈകള്‍ മാത്രമാണ് അവളുടെ ഇളം കഴുത്ത് ഞെരിച്ചത് എന്നാണോ നിങ്ങള്‍ കരുതുന്നത്? അച്ഛനുമമ്മയും ഒരു മോളും. മൂന്ന് മനുഷ്യര്‍. ‘അവര്‍ക്ക് ജീവിക്കാന്‍ എത്ര പണം വേണം?’ പഴയ കൂട്ടുകാരി കാമുകനോട് ചോദിച്ച ചോദ്യം ഞാനീ ദുരിതവാര്‍ത്തയുടെ മുകളില്‍ വെക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vaiga Murder Case – Sanu Mohan

ഷിജു. ആര്‍

We use cookies to give you the best possible experience. Learn more