| Saturday, 30th November 2024, 1:37 pm

സച്ചിനോ വിരാടോ അല്ല, ആ വിന്‍ഡീസ് ഇതിഹാസം; തന്റെ ആരാധനാപാത്രത്തിന്റെ പേര് പറഞ്ഞ് രാജസ്ഥാന്റെ സൂര്യവംശി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താര ലേലത്തില്‍ എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടാണ് വൈഭവ് സൂര്യവംശിയെന്ന 13കാരനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ചത്.

ഇപ്പോള്‍ തന്റെ ക്രിക്കറ്റ് ഐഡലിനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യവംശി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് തന്റെ ആരാധനാപാത്രമെന്നാണ് സൂര്യവംശി പറയുന്നത്.

ഐ.പി.എല്‍ താരലേലത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈഭവ് സൂര്യവംശിയെന്ന പേര് ചര്‍ച്ചയായിരുന്നു.

12ാം വയസില്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചാണ് താരം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചത്. കളത്തിലിറങ്ങിയതാകട്ടെ കരുത്തരായ മുംബൈക്കെതിരെയും.

2023ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ താരം ബീഹാറിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 128 പന്തില്‍ നിന്നും 151 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 22 ഫോറും മൂന്ന് സിക്‌സറുമാണ് സൂര്യവംശിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ആ മത്സരത്തില്‍ തന്നെ 76 റണ്‍സും താരം നേടി.

ഇന്ത്യ U19 A, ഇന്ത്യ U19 B, ഇംഗ്ലണ്ട് U19, ബംഗ്ലാദേശ് U19 എന്നിവരുള്‍പ്പെട്ട ക്വാഡ്രാന്‍ഗുലര്‍ സീരീസിലും സൂര്യവംശി ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ 53, 74, 0, 41, 0 എന്നിങ്ങനെയായിരുന്നു താരം റണ്‍സ് നേടിയത്. ഇതിന് പിന്നാലെയാണ് താരം രഞ്ജിയിലും കളത്തിലിറങ്ങിയത്.

ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ നാലാമത് ഇന്ത്യന്‍ താരമാണ് വൈഭവ് സൂര്യവംശി. 12 വയസും 284 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രഞ്ജിയില്‍ അരങ്ങേറിയത്.

2024 സെപ്റ്റംബറില്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റ് മത്സരത്തില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനായി വൈഭവ് അരങ്ങേറ്റം കുറിച്ചിരുന്നു. നേരിട്ട 58ാം പന്തില്‍ സെഞ്ച്വറി നേടിയാണ് വൈഭവ് തന്റെ വരവറിയിച്ചത്. ഇതോടെ ഏറ്റവും വേഗമേറിയ U19 ടെസ്റ്റ് സെഞ്ച്വറിയുടെ റെക്കോഡും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ഐ.പി.എല്ലില്‍ പുതിയ ഇന്നിങ്‌സിനുള്ള തയ്യാറെടുപ്പിലാണ് സൂര്യവംശി. രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളായി താരം ഉയര്‍ന്നുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Vaibhav Suryavanshi  says Brian Lara is his cricket idol

We use cookies to give you the best possible experience. Learn more