അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. യു.എ.ഇയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ച് കയറിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ആദ്യം ബാറ്റ് ചെയ്ത് 44 ഓവറില്‍ 137 റണ്‍സിനാണ് ഇന്ത്യക്ക് മുന്നില്‍ തകര്‍ന്ന് വീണത്.
മറുപടി ബാറ്റില്‍ ഇന്ത്യ 16.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 143 റണ്‍സ് നേടി കൂറ്റന്‍ വിജയത്തിലെത്തുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് വൈഭവ് സൂര്യവന്‍ഷിയും ആയുഷ് മാത്രെയുമാണ്.
2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടന്ന മെഗാലേലം അവസാനിച്ചപ്പോള്‍ സീസണില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വൈഭവ് സൂര്യവന്‍ഷിയെ ആയിരുന്നു. 13 വയസുള്ള താരത്തെ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി നല്‍കിയാണ് സ്വന്തമാക്കിയത്.
വൈഭവിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള യുദ്ധം അവസാനിച്ചത് 1.10 കോടി രൂപയിലായിരുന്നു. അടുത്ത സീസണില്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം ഐ.പി.എല്ലിലും കാണാന്‍ കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍ ആയുഷ് മാത്രെ 51 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 67 റണ്‍സും നേടി മികച്ച് നിന്നു.
ഇന്ത്യന്‍ ബൗളിങ് നിരയുടെ മിന്നും പ്രകടനത്തിലാണ് എതിരാളികള്‍ തകര്‍ന്ന് വീണത്. യുധാജിത് ഗുഹ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചോതന്‍ ശര്‍മ, ഹര്‍ദിക് രാജ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. കാര്‍ത്തികേയ കെ.പി, ആയുഷ് മാത്രെ എന്നിലര്‍ ഓരോ വിക്കറ്റും ടീമിന് വേണ്ടി വീഴ്ത്തി.
Content Highlight: Vaibhav Suryavanshi In Great Performance In U-19 Asia Cup