ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ബെസ്റ്റ് ഫോര്‍മാറ്റിന്റെ പുതിയ സീസണ് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ ദിനം 16 മത്സരങ്ങളാണ് രഞ്ജി ട്രോഫിയില്‍ നടക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സൗരാഷ്ട്ര ജാര്‍ഖണ്ഡിനെ നേരിടുമ്പോള്‍ കേരളം ഉത്തര്‍പ്രദേശിനെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്.
രഞ്ജിയിലെ അതികായരായ മുംബൈയും ആദ്യ ദിനം കളിത്തിലിറങ്ങിയിട്ടുണ്ട്. ബീഹാറാണ് മുംബൈയുടെ എതിരാളികള്‍. പാട്‌നയിലെ മോയിന്‍ ഉള്‍ ഹഖ് സ്‌റ്റേഡിയമാണ് മുംബൈ – ബീഹാര്‍ പോരാട്ടത്തിന് വേദിയാകുന്നത്.
മുംബൈയുടെ പോരാട്ടമെന്നതിലുപരി ബീഹാര്‍ താരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ മത്സരം എന്ന നിലയിലാണ് ഈ മാച്ച് ശ്രദ്ധേയമാകുന്നത്. തന്റെ 12ാം വയസിലാണ് സൂര്യവംശി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നത്.
2023ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ താരം ബീഹാറിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 128 പന്തില്‍ നിന്നും 151 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 22 ഫോറും മൂന്ന് സിക്‌സറുമാണ് സൂര്യവംശിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ആ മത്സരത്തില്‍ തന്നെ 76 റണ്‍സും താരം നേടി.
ഇന്ത്യ U19 A, ഇന്ത്യ U19 B, ഇംഗ്ലണ്ട് U19, ബംഗ്ലാദേശ് U19 എന്നിവരുള്‍പ്പെട്ട ക്വാഡ്രാന്‍ഗുലര്‍ സീരീസിലും സൂര്യവംശി ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ 53, 74, 0, 41, 0 എന്നിങ്ങനെയായിരുന്നു താരം റണ്‍സ് നേടിയത്. ഇതിന് പിന്നാലെയാണ് താരം രഞ്ജിയിലും കളത്തിലിറങ്ങിയത്.
ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ നാലാമത് ഇന്ത്യന്‍ താരമാണ് വൈഭവ് സൂര്യവംശി. 12 വയസും 284 ദിവസവുമാണ് താരത്തിന്റെ പ്രായം.
1942-43 സീസണിലാണ് ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ബാറ്റര്‍ പിറവിയെടുത്തത്. അജ്മീറില്‍ ജനിച്ച അലിമുദീനാണ് ആ ഐതിഹാസിക നേട്ടത്തിനുടമയായ താരം.
ബറോഡയിലെ മഹാരാജ പ്രതാപ്‌സിങ് കോറണേഷന്‍ ജിംഖാനയില്‍ നടന്ന രജപുതാന – ബറോഡ മത്സരത്തില്‍ രജപുതാനക്ക് വേണ്ടി കളത്തിലിറങ്ങിയപ്പോള്‍ 12 വയസും 73 ദിവസവുമായിരുന്നു അലിമുദീന്റെ പ്രായം.
എസ്.കെ. ബോസാണ് ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരം. 1959-60 സീസണില്‍ കളത്തിലിറങ്ങുമ്പോള്‍ 12 വയസും 76 ദിവസുമായിരുന്നു താരത്തിന്റെ പ്രായം. ജംഷഡ്പൂരിലെ കീനന്‍ സ്റ്റേഡിയത്തില്‍ നടന്ന അസം – ബീഹാര്‍ മത്സരത്തിലാണ് താരം അരങ്ങേറ്റം കുറിച്ചത്.
1937ല്‍ 12 വയസും 247 ദിവസവും പ്രായമുണ്ടായിരിക്കെയാണ് മുഹമ്മദ് റംസാന്‍ ഫസ്റ്റ് ക്ലാസില്‍ ബാറ്റേന്തിയത്. പട്യാലയിലെ ബര്‍ദാരി ഗ്രൗണ്ടില്‍ യുണൈറ്റഡ് പ്രൊവിന്‍സിനെതിരായ മത്സരത്തില്‍ നോര്‍തേണ്‍ ഇന്ത്യക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.
ഇതുവരെ ഒമ്പത് താരങ്ങള്‍ മാത്രമാണ് 13 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ചത്. ആഖിബ് ജാവേദ് (1984-85), മുഹമ്മദ് അക്രം (1968-69), റിസ്വാന്‍ സത്താര്‍ (1985-86), ഖാസിം ഫിറോസ് (1970-71) എന്നിവരാണ് ആ താരങ്ങള്‍.
Content Highlight: Vaibhav Suryavanshi debuts in first class cricket at the age of 12