നേടിയത് രണ്ട് പന്തില്‍ നാല് റണ്‍സ്; ആദ്യ മത്സരത്തില്‍ തന്നെ സഞ്ജുവിന്റെ കൊച്ചുപയ്യന്‍ സ്വന്തമാക്കിയത് ടൂര്‍ണമെന്റിന്റെ റെക്കോഡ്
Sports News
നേടിയത് രണ്ട് പന്തില്‍ നാല് റണ്‍സ്; ആദ്യ മത്സരത്തില്‍ തന്നെ സഞ്ജുവിന്റെ കൊച്ചുപയ്യന്‍ സ്വന്തമാക്കിയത് ടൂര്‍ണമെന്റിന്റെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd December 2024, 9:15 am

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്ര നേട്ടവുമായി ബീഹാറിന്റെ വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ബീഹാര്‍ – മധ്യപ്രദേശ് മത്സരത്തിലാണ് സൂര്യവംശി തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

ലിസ്റ്റ് എ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടത്തിലേക്കാണ് സൂര്യവംശി കാലെടുത്ത് വെച്ചത്. 13 വയസും 269 ദിവസവും പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഈ നേട്ടത്തിലെത്തിയത്.

1999/2000 സീസണില്‍ വിദര്‍ഭയ്ക്കായി കളത്തിലിറങ്ങിയ അലി അക്ബറിന്റെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 14 വയസും 51 ദിവസവും പ്രായമുള്ളപ്പോഴാണ് താരം കരിയറിലെ ആദ്യ ലിസ്റ്റ് എ മത്സരത്തിനിറങ്ങിയത്.

ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐ.പി.എല്‍ താരലേലത്തില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തുടങ്ങി റെക്കോഡ് നേട്ടങ്ങള്‍ പലത് സ്വന്തമാക്കിയ സൂര്യവംശി ഇപ്പോള്‍ ലിസ്റ്റ് എ ഫോര്‍മാറ്റിലും ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ്.

ഐ.പിഎല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് സൂര്യവംശിയെ സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

അതേസമയം, ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചില്ല. ഓപ്പണറായി കളത്തിലിറങ്ങിയ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ താരം പുറത്തായി.

ബീഹര്‍ vs മധ്യപ്രദേശ്

മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. സൂര്യവംശിയെ തുടക്കത്തിലേ നഷ്ടമായ ബീഹാറിന് പിയൂഷ് സിങ്ങിന്റെയും ഹര്‍ഷ് രാജിന്റെയും വിക്കറ്റുകളും അധികം വൈകാതെ നഷ്ടമായി. സിങ് 11 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ പുറത്തായപ്പോള്‍ 12 പന്തില്‍ രണ്ട് റണ്‍സാണ് ഹര്‍ഷ് രാജ് നേടിയത്.

പിന്നാലെയെത്തിയവരില്‍ ബിപിന്‍ സൗരഭിന്റെയും ക്യാപ്റ്റന്‍ സാകിബുള്‍ ഗാനിയുടെയും ചെറുത്തുനില്‍പ്പാണ് ബീഹാറിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. സൗരഭ് 54 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ 62 പന്തില്‍ 48 റണ്‍സ് നേടിയാണ് ഗാനി പുറത്തായത്.

43 പന്തില്‍ 32 റണ്‍സ് നേടിയ രഘുവേന്ദ്ര പ്രതാപ് സിങ്ങും ബീഹാര്‍ നിരയില്‍ നിര്‍ണായകമായി.

ഒടുവില്‍ 196 റണ്‍സിന് ബീഹാര്‍ പുറത്തായി.

മധ്യപ്രദേശിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി. ആര്യന്‍ ആനന്ദ പാണ്ഡേയും കുല്‍വന്ദ് ഖെജ്‌രോലിയയും രണ്ട് വിക്കറ്റ് വീതവും കുമാര്‍ കാര്‍ത്തികേയയും വെങ്കിടേഷ് അയ്യരും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് വിക്കറ്റ് കീപ്പര്‍ ഹര്‍ഷ് ഗാവിയുടെയും ക്യാപ്റ്റന്‍ രജത് പാടിദാറിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ അനായാസ വിജയം നേടി. ഗാവി 63 പന്തില്‍ 83 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ 55 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

ഈ വിജയത്തിന് പിന്നാലെ കേരളമടങ്ങിയ എലീറ്റ് ഗ്രൂപ്പ് ഇ-യില്‍ ഒന്നാമതാണ് മധ്യപ്രദേശ്. തിങ്കളാഴ്ചയാണ് മധ്യപ്രദേശിന്റെ അടുത്ത മത്സരം. ജിംഖാന ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയാണ് എതിരാളികള്‍. തിങ്കളാഴ്ച തന്നെയാണ് ബീഹാര്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ട ത്രിപുരയാണ് എതിരാളികള്‍.

 

Content highlight: Vaibhav Suryavanshi becomes the youngest Indian to debut in List A format