വടയമ്പാടി; പൊലീസിന്റേത് ദളിത് വിരുദ്ധ നിലപാട്: പൊലീസ് പ്രവര്‍ത്തിച്ചത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായെന്നും പട്ടികജാതി കമ്മീഷന്‍
Kerala News
വടയമ്പാടി; പൊലീസിന്റേത് ദളിത് വിരുദ്ധ നിലപാട്: പൊലീസ് പ്രവര്‍ത്തിച്ചത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായെന്നും പട്ടികജാതി കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2018, 4:16 pm

കൊച്ചി: പുത്തന്‍ കുരിശ് വടയമ്പാടിയില്‍ ജാതിമതിലിനെതിരെ ദളിതര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ന്യായമുണ്ട് എന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് സംസ്ഥാന പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ അംഗം എസ്.അജയകുമാര്‍. വടയമ്പാടിയില്‍ തെളിവെടുപ്പിനായി ചെന്നശേഷം ഐ.ഇ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു എസ്.അജയകുമാര്‍.

വടയമ്പാടിയിലെ ഭജനമഠവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പട്ടയത്തിലാണ് പ്രശ്‌നം എങ്കില്‍ അത് പരിശോധിക്കുകയും വേണ്ട നടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും അജയകുമാര്‍ വ്യക്തമാക്കി.

വടയമ്പാടിയില്‍ പട്ടിക ജാതിക്കാര്‍ക്കെതിരെ പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. മാത്രമല്ല പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും അതിന്റെ ഭാഗമായിട്ടുണ്ട്. സ്ഥലത്ത് പൊലീസ് അതിക്രമം ഉണ്ടായിട്ടുണ്ട് എന്നാണ് തെളിവുകള്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയങ്ങള്‍ക്ക് വിരുദ്ധമായാണ് അവിടെ പൊലീസ് പ്രവര്‍ത്തിച്ചത്. ദലിതരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന ജോയ് പാവേലിനെതിരെ കേസെടുത്ത് പീഡിപ്പിച്ചതിനെ ഗൗരവമായാണ് കാണുന്നതെന്നും അജയകുമാര്‍ വ്യക്തമാക്കി.

ജോയിയുടെ ഭാര്യ ഒരു ദലിത് സ്ത്രീയാണ്. അങ്ങനെയൊരാള്‍ക്ക് നേരെ ദലിത് പീഡനത്തിന് കേസെടുത്തതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ദലിത് വിരുദ്ധ നിലപാടുണ്ടായിട്ടുണ്ട് എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത്.

1967ലെ ഇഎംഎസ് സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് വടയമ്പാടിയിലെ കോളനി നില്‍ക്കുന്നത്. അതേ പട്ടയത്തിലാണ് തര്‍ക്കം നടക്കുന്ന ഭൂമിയും കിടക്കുന്നത്. എന്‍എസ്എസ്സിന് കിട്ടിയതായി അവകാശപ്പെടുന്ന സ്ഥലത്തെ പട്ടയം 81ലാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതില്‍ തന്നെ അന്വേഷണം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ അവകാശങ്ങളെ നിഷേധിക്കുന്ന നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. ദലിത് ആത്മാഭിമാന കണ്‍വെന്‍ഷനെ ഏകപക്ഷീയമായി അടിച്ചൊതുക്കുകയായിരുന്നു പൊലീസ് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

മോശപ്പെട്ട നിലപാടുകള്‍ സ്വീകരിച്ചവര്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരും. പട്ടികജാതിക്കാരുടെ ക്ഷേമത്തിനും അവര്‍ക്ക് അര്‍ഹതപ്പെടുന്നത് ലഭ്യമാക്കിക്കൊടുക്കാനും വേണ്ടിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. അതുകൊണ്ട് തന്നെ ആകാശത്തിനും ഭൂമിയ്ക്കും ഇടയിലുള്ള അവരുടെ സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കമ്മീഷന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.