| Tuesday, 20th August 2019, 3:20 pm

വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ചുകൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

വഫയുടെ ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഹനത്തിന്റെ അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഇന്ന് രാവിലെയാണ് വഫയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സും റദ്ദു ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാത്തത് വിവാദമായിരുന്നു.

എന്നാല്‍ നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിച്ചത്.

സംഭവത്തില്‍ പൊലീസിന്റെ വിചിത്ര വാദങ്ങളും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടറുടെ സംഘടനായ കെ.ജി.എം.ഒ.എയും രംഗത്തെത്തിയിരുന്നു.

പൊലീസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് മൂന്നിനായിരുന്നു ശ്രീറാം വെങ്കിട്ട രാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതിയിലായിരുന്ന വാഹനം റോഡരികില്‍ ബൈക്കിനടുത്ത് നിന്നിരുന്ന ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more