തിരുവന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ചുകൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
വഫയുടെ ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഹനത്തിന്റെ അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ന് രാവിലെയാണ് വഫയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സും റദ്ദു ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാത്തത് വിവാദമായിരുന്നു.