| Saturday, 15th June 2024, 9:57 am

ഗുജറാത്തിൽ മുഖ്യമന്ത്രിയുടെ ഭവന പദ്ധതിയിൽ ഒരു മുസ്‌ലിം സ്ത്രീക്ക് വീട്; പ്രതിഷേധവുമായി മറ്റ് താമസക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര : ഗുജറാത്തിൽ മുഖ്യമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ മുസ്‌ലിം സ്ത്രീക്ക് ഫ്ലാറ്റ് ലഭിച്ചതിൽ  പ്രതിഷേധം. വഡോദര മുൻസിപ്പൽ കോർപറേഷൻ മുഖ്യമന്ത്രി ആവാസ് യോജനയുടെ കീഴിലാണ് 44 കാരിയായ മുസ്‌ലിം സ്ത്രീക്ക് ഫ്ലാറ്റ് അനുവദിച്ചിരുന്നത്. തുടർന്ന് അതേ ഫ്ലാറ്റ് സമുച്ചയത്തിലെ മൊതനാഥ്‌ റെസിഡൻസിയിലെ താമസക്കാർ പ്രതിഷേധിക്കുകയായിരുന്നു. നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ വർഷങ്ങളായി ജോലിചെയ്തുകൊണ്ടിരിക്കുകയാണ് ഇവർ.

2017ലായിരുന്നു മുഖ്യമന്ത്രി ആവാസ് യോജനയുടെ കീഴിൽ ഇവർക്ക് ഫ്ലാറ്റ് അനുവദിച്ച് കിട്ടിയത്. എന്നാൽ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിന് മുമ്പ് തന്നെ അതേ ഫ്ലാറ്റ് സമുച്ചയത്തിലുള്ള മറ്റ് 33 താമസക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മുസ്‌ലിം സ്ത്രീയെ തങ്ങളുടെ താമസസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

ഒരു മുസ്‌ലിം സ്ത്രീ തങ്ങളുടെ അയല്പക്കത്തേക്ക് താമസം മാറുന്നതു തങ്ങൾക്ക് ശല്യമാണെന്നും അവരുടെ വരവിൽ ആശങ്കയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പ്രതിഷേധകർ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു.

‘ എനിക്ക് മുഖ്യമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ച വീട് തരാൻ അനുവദിക്കരുതെന്നാണ് അവിടെയുള്ള താമസക്കാർ പറയുന്നത്. 2020 അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എനിക്ക് തന്ന വീട് അസാധുവാകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. അതിനെതിരെ ഞാൻ പൊലീസിൽ പരാതിപ്പെട്ടപ്പോൾ അവർ എന്റെ മൊഴിയെടുത്തതിന് ശേഷം കേസ് അവസാരിപ്പിക്കുകയാണ് ചെയ്തത്.

ഞാൻ വഡോദരയിൽ ജനിച്ച് വളർന്ന വ്യക്തിയാണ്. സന്തോഷപൂർണമായ ഒരു അയല്പക്കത്തെ ജീവിക്കണമെന്നായിരുന്നു എന്റെയും മകന്റെയും ആഗ്രഹം അതെല്ലാം ഇപ്പോൾ തകർന്നു. എന്റെ മകൻ പന്ത്രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഇത്തരം വിവേചനങ്ങൾ അവനെ മാനസികമായി ബാധിക്കും. അതിനാൽ തന്നെ ഞാൻ വീണ്ടും പ്രതിഷേധിക്കും,’ 44 കാരിയായ ആ അമ്മ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.

എന്നാൽ ഇത് സംബന്ധിച്ച് വഡോദര മുൻസിപ്പൽ കമ്മിഷണർ ദിലീപ് റാണാ വിഷയത്തിൽ പ്രതികരിക്കാനോ ഇടപെടാനോ വിസമ്മതിച്ചു.

461 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 33 കുടുംബങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

‘ഇത് ഞങ്ങളുടെ പൊതു താത്പര്യപ്രകാരം ചെയ്തതാണ്. ഞങ്ങൾ ജില്ലാ കളക്ടർ, മേയർ വി.എം.സി കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അവർക്ക് നല്കിയ പരാതിയിൽ ഞങ്ങൾ 33 പേരുടെയും ഒപ്പും ഉണ്ട്. ഇവരുടെ ഭവനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണം,’ പ്രതിഷേധിക്കുന്ന താമസക്കാരിൽ ഒരാൾ പറഞ്ഞു.

ഹർണി പ്രദേശം ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലമാണ്. നാല് കിലോമീറ്റർ ചുറ്റളവിൽ ഒരു മുസ്‌ലിം കുടുംബവും ഈ ഭാഗത്ത് താമസിക്കുന്നില്ല. ഇവിടെ ഒരു മുസ്‌ലിം സ്ത്രീയും മകനും താമസിക്കുക എന്നത് ഇവിടെയുള്ള 461 കുടുംബങ്ങളെയും തീയിടുന്നതിന് തുല്യമാണ്,’ മറ്റൊരാൾ പറഞ്ഞു.

വിവേചനത്തിനിരയായ മുസ്‌ലിം സ്ത്രീ ഇപ്പോഴും അവരുടെ പഴയ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തിലെ ആളുകളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ മറുപടിയൊന്നും മറുപടിയൊന്നും നൽകിയില്ലെന്ന് മുസ്‌ലിം സ്ത്രീ പറഞ്ഞു. കൂടാതെ ഈ അടുത്ത ദിവസം ഫ്ളാറ്റിലെ താമസക്കാർ പ്രതിഷേധ പ്രകടനവുമായി റോഡിൽ ഇറങ്ങിയിരുന്നു.

‘ മെയ്ന്റനൻസ് ചാർജ് ആയി ഫ്ളാറ്റിലെ ചിലർ എന്റെ കയ്യിൽ നിന്നും 50000 രൂപ വാങ്ങിയിരുന്നു. ആദ്യ തവണ ഞാൻ പണം നൽകിയിരുന്നു പിന്നീട കുടിശിക ചോദിച്ചപ്പോൾ എനിക്ക് റസിഡന്റ് സർട്ടിഫിക്കറ്റ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ മറുപടിയൊന്നുമില്ല. ഫ്ലാറ്റിൽ താമസിക്കാനുള്ള അവകാശം സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ലാത്തതിനാൽ എനിക്ക് പണത്തിനായി നിയമപരമായി മുന്നോട്ട് പോകാനാകുമോയെന്നും എന്നും സംശയമാണ്. എങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല,’ മുസ്‌ലിം സ്ത്രീ പറഞ്ഞു.

ഇത് കോടതി പരിഹരിക്കേണ്ട വിഷയമാണെന്നും ഇരുകൂട്ടരും കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും വി.എം.സി ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlight : Vadodara society members protest after MUSLIM women allotted flat under govt scheme

We use cookies to give you the best possible experience. Learn more