ന്യൂദല്‍ഹി: “സൂക്ഷിച്ച് വാഹനമോടിക്കുക” എന്ന് ഏത് പൊലീസുകാരനും പറയാം. പക്ഷേ ജനങ്ങള്‍ അനുസരിച്ചുകൊള്ളണമെന്നില്ല. ട്രോളിലൂടെയും സിനിമയിലൂടെയും പറയുന്ന കാര്യങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം, അതിപ്പൊ സ്വന്തം സുരക്ഷയെപ്പറ്റിയാണെങ്കിലും. വഡോദര പൊലീസും ഇക്കാര്യം മനസിലാക്കിയെന്ന് തോന്നുന്നു. പൊതുജനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ സിനിമയുമായി ബന്ധിപ്പിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കിയാണ് വഡോദര പോലീസ് ട്വിറ്ററില്‍ വൈറലാവുന്നത്.
“ഒന്ന് കണ്ണടയ്ക്കുന്ന സമയം മതി, അപകടങ്ങള്‍ സംഭവിക്കാന്‍” എന്നാണ് പൊലീസിന്റെ പുതിയ ട്വീറ്റ്. ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന മലയാള സിനിമയിലെ പാട്ട് “മാണിക്യമലരായ പൂവി”യിലൂടെ ദേശീയശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ കണ്ണടയ്ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയാണ് പൊലീസ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഗതാഗത സുരക്ഷ, മദ്യപാനം, പൊലീസ് റിക്രൂട്ട്‌മെന്റ്, അക്രമം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇത്തരം വ്യത്യസ്തമായ പോസ്റ്ററുകള്‍ വഡോദര പൊലീസ് ഉപയോഗിക്കുന്നത്. ബോളിവുഡ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലെ ജനപ്രിയമായ ഡയലോകുകളും ചിത്രങ്ങളും ഉപയോഗിച്ചാണ് പ്രചാരണം.
ദബാങ്ങിലെ പ്രശസ്തമായ “ഹം തും മേം ഇത്‌നേ ഛേദ് കരേങ്കേ… കി കണ്‍ഫ്യൂസ് ഹോ ജവോഗെ” എന്ന ഡയലോഗ് ആണ് പൊലീസ് അക്രമത്തിനെതിരെയുള്ള പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. സിങ്കം, ജിസ്മ് 2, ഖിലാഡി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ സൂചനകളും പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.
https://twitter.com/Vadcitypolice/status/973755850258075648
Read Also: കുന്നിടിച്ചും വയല്‍ നികത്തിയുമുള്ള വികസനമല്ല നാടിനാവശ്യം: വയല്‍ക്കിളികള്‍
“ജനപ്രിയ ഭാഷയിലൂടെ സംസാരിക്കാനുള്ള ശ്രമമാണിത്. കൈക്കൂലി തെറ്റാണെന്ന് ഞാന്‍ ട്വീറ്റ് ചെയ്താല്‍ ആരും അത് ശ്രദ്ധിക്കാന്‍ പോവുന്നില്ല. പക്ഷേ “കുച് ലെ ദേ കെ ഖട്ടാം കര്‍ത്തെ ഹൈന്‍”(എന്തെങ്കിലും കൊണ്ട് ഇത് ഒതുക്കാം) എന്ന ടാഗ് ലൈനോടെ #SarkariMehman എന്ന ഹാഷ്ടാഗ് വച്ച് പോസ്റ്റ് ചെയ്താല്‍ അത് വൈറലാവും” – വഡോദര പൊലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.