Daily News
മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് വഡോദരയിലെ പ്രദേശവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 02, 12:01 pm
Thursday, 2nd June 2016, 5:31 pm

vadodara


വഡോദരയിലെ പ്രശ്‌നബാധിത പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന പോലീസുകാര്‍


 

കപുരായ്: വഡോദരയിലെ കപുരായ് എന്ന സ്ഥലത്ത് മുസ്‌ലിംങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞ് പ്രദേശവാസികള്‍. സുലൈമാന്‍ ചവ്‌ളിലെ തങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കപുരായിയിലേക്ക് പുനഃരധിവസിപ്പിക്കപ്പെട്ട മുസ്‌ലിംങ്ങള്‍ക്കെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്.

ഒരിക്കലും മുസ്‌ലിംങ്ങളെ വഡോദരയിലേക്ക് കടക്കാന്‍ അനുവദിക്കരുത് എന്ന് കാണിച്ച് പ്രദേശവാസികള്‍ വഡോദര മുന്‍സിപ്പാലിറ്റിക്ക് കത്തയച്ചു കഴിഞ്ഞു. മുസ്‌ലിംങ്ങള്‍ എത്തിയാല്‍, സ്ഥലത്തെ സന്തോഷവും സമാധാനവും നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആരോപണം.

ചേരി വിമുക്ത വഡോദര ക്യാപയ്‌നിന്റെ ഭാഗമായാണ് സുലൈമാന്‍ ചവ്‌ളിലെ 318 വീടുകള്‍ തകര്‍ത്തത്. മുസ്‌ലിംങ്ങളടക്കമു ള്ള മുന്നൂറോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ പോകാന്‍ ഇടമില്ലാതെ നിസ്സഹായരായിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ കപുരായ്ക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹനുമാന്‍ ടെക്രിയിലാണ് ഒരു മുസ്‌ലിം കുടുംബം നടത്തി വന്ന ബേക്കറി ഔട്ട്‌ലെറ്റിന് ചിലര്‍ തീയിടുന്നതും 14 പേര്‍ മരണമടയുകയും ചെയ്തത്.

സുലൈമാന്‍ ചവ്‌ളിലെ തങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടത്തിനെ തുടര്‍ന്ന് ചിലര്‍ പോലീസ് ഔട്ട് പോസ്റ്റുകള്‍ക്ക് എതിരെ ആക്രമണം നടത്തുകയും ബസ്സുകളും ഇരുചക്ര വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ മുന്‍സിപ്പാലിറ്റി ഇതുവരെ വ്യക്തമായ ഒരു നിലപാട് എടുത്തിട്ടില്ല. ചര്‍ച്ചകളിലൂടെ വിഷയത്തില്‍ ഒരു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. പ്രശ്‌നത്തില്‍ ഒരു പരിഹാരം ഉണ്ടാവുന്നത് വരെ പുതിയ സ്ഥലത്തേക്ക് പോകേണ്ടയെന്നാണ് ഇവിടത്തെ മുസ്‌ലിംങ്ങളുടെ തീരുമാനം.