D Movies
'ഓരോ തവണ സൂര്യ കരയുമ്പോഴും കാണികളും കരയുന്നു'; സൂരാരൈ പൊട്രുവിന് അഭിനന്ദനവുമായി വടിവേലു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 13, 02:26 pm
Friday, 13th November 2020, 7:56 pm

ചെന്നൈ: സൂര്യ നായകനായ ചിത്രം ‘സൂരാരൈ പൊട്രു’ വിന് അഭിനന്ദനവുമായി തമിഴ് നടന്‍ വടിവേലു. ചിത്രത്തില്‍ സൂര്യയുടെ ഓരോ ചലനവും പ്രേക്ഷകന്റെ കണ്ണുനനയിപ്പിക്കുന്നതായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴില്‍ അദ്ദേഹം എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘ചിത്രത്തില്‍ ഓരോ തവണ സൂര്യ കരയുമ്പോഴും പ്രേക്ഷകന്റെ കണ്ണും നിറയുന്നു. ഇങ്ങനൊരു മികച്ച ചിത്രം സമ്മാനിച്ച സൂരാരൈ പൊട്രുവിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം’- അദ്ദേഹം പറഞ്ഞു.

സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമായ സൂരാരൈ പൊട്രു നവംബര്‍ പതിനൊന്നിന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.
ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പൊട്രു’.

എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.

ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

സ്‌പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Vadivelu Praises soorari potru movie