'ആ പാട്ട് തന്നെ മാറ്റിക്കളഞ്ഞു', സൂര്യക്ക് വിഷമമായെന്ന് പ്രഭുദേവ പറഞ്ഞിട്ടുണ്ട്: മാരി സെല്‍വരാജ്
തമിഴ് സിനിമയില്‍ ഇന്നും എവര്‍ഗ്രീന്‍ ഹിറ്റ് പാട്ടുകളിലൊന്നായി നില്‍ക്കുന്ന ഗാനമാണ് ഗജിനിയിലെ സുട്രും വിഴി സൂടാരേ. എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രത്തില്‍ സൂര്യ, അസിന്‍, നയന്‍താര എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്.
സുട്രും വിഴി എന്ന പാട്ട് കേള്‍ക്കുമ്പോള്‍ സൂര്യക്ക് പകരം വടിവേലുവിനെ ഓര്‍ക്കുന്നവരുമുണ്ട്. പ്രഭുദേവ സംവിധാനം ചെയ്ത വിജയ് ചിത്രം പോക്കിരിയില്‍ വടിവേലുവിനെ വെച്ച് സുട്രും വിഴി റീമേക്ക് ചെയ്തത് വലിയ സ്വീകാര്യത നേടിയിരുന്നു. പാട്ട് വടിവേലുവിന്റേതായി മാറി എന്ന് പോലും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ സൂര്യക്ക് വിഷമമുണ്ടായി എന്ന് പറയുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്. മാമന്നന്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വടിവേലുവിനൊപ്പം നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തമാശയായി മാരി സെല്‍വരാജ് ഇക്കാര്യം പറഞ്ഞത്.
‘ആ പാട്ട് തന്നെ മാറ്റിക്കളഞ്ഞു എന്ന് പറഞ്ഞ് സൂര്യക്ക് വിഷമമായെന്ന് പ്രഭുദേവ എന്നോട് പറഞ്ഞിട്ടുണ്ട്,’ മാരി ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിന് കാരണം താനല്ല എന്നായിരുന്നു ഇതിനോടുള്ള വടിവേലുവിന്റെ പ്രതികരണം. ‘ബൃന്ദാ മാസ്റ്റര്‍ എന്നോട് ഇതിനെ പറ്റി ചോദിച്ചിരുന്നു. 15 ദിവസം കൊണ്ടാണ് അവര്‍ ആ പാട്ട് ഷൂട്ട് ചെയ്തത്. ഞങ്ങളുടെ പാട്ട് നിങ്ങളുടെ പാട്ടാക്കിയല്ലോ എന്ന് ചോദിച്ചു. അതിന് കാരണം ഞാനല്ല, പ്രഭുദേവയോട് പോയി ചോദിച്ചോ എന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിനിടക്ക് കൈ വിടര്‍ത്തിയുള്ള സ്റ്റെപ്പ് ഞാന്‍ കളിക്കുമ്പോള്‍ പ്രഭുദേവ ചിരിച്ച് നിലത്ത് വീണിരുന്നു,’ വടിവേലു പറഞ്ഞു.
അതേസമയം ഇരുവരും ഒന്നിച്ച മാമന്നന്‍ കഴിഞ്ഞ ജൂണിലാണ് തിയേറ്ററുകളിലെത്തിയത്. ദളിത് രാഷ്ട്രീയത്തെ പറ്റി സംസാരിച്ച ചിത്രം വാണിജ്യവിജയത്തോടൊപ്പം പ്രേക്ഷക പ്രീതിയും നേടിയിരുന്നു. വടിവേലുവിന് പുറമേ ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തിയിരുന്നു.
Content Highlight: Vadivelu about surya and pokkiri