| Sunday, 4th February 2018, 1:34 pm

അറസ്റ്റ് ചെയ്ത ദളിത് പ്രവര്‍ത്തകരെ വിട്ടയച്ചു; സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം; ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുത്തന്‍കുരിശ്: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ദളിത് ആത്മാഭിമാന പ്രവര്‍ത്തകരെ വിട്ടയച്ചു. പുത്തന്‍ കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രര്‍ത്തകരെയാണ് വിട്ടയച്ചത്. അതിനിടെ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനവും അരങ്ങേറി.

മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് നിലത്തിട്ട് ചവിട്ടുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേ പെമ്പിളൈ ഒരുമൈ സമര പ്രവര്‍ത്തക ഗോമതിയുടെ കൈയ്യെല്ലിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെത്തിയ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് വടയമ്പാടിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അമ്പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ദളിത് പ്രവര്‍ത്തകരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസാകട്ടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ദളിത് പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ ആക്രമിച്ചപ്പോഴും പൊലീസ് വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.

“ജയ് ഭീം” മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പൊലീസ് നടപടിയെ നേരിട്ടത്. കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയാണുണ്ടായത്. പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയും ചെയ്തിരുന്നു.

സംഘപരിവാര്‍ ആക്രമത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, തേജസ് സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പൊലീസും ആവശ്യപ്പെട്ടിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ വിലക്കുന്ന നടപടികളാണ് പുത്തന്‍കുരിശ് പൊലീസ് സ്വീകരിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more