പുത്തന്‍കുരിശ്: വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെത്തിയ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. അമ്പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ദളിത് പ്രവര്‍ത്തകരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഘര്‍ഷാവസ്ഥക്കിടെ ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. “ജയ് ഭീം” മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പൊലീസ് നടപടിയെ നേരിടുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയാണ്. പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയാണ്. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് നിന്ന് ആഹ്ലാദം പ്രകടിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. പൊലീസ് അതിക്രമത്തെ കൈകൊട്ടി പ്രോത്സാഹിപ്പിക്കുകയാണിവര്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെയും സംഘപരിവാര്‍ തടഞ്ഞിരുന്നു. പൊലീസ് ഇതില്‍ ഇടപെടാതെ വന്നതോടെ മാധ്യമപ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസ്, തേജസ്, സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയാണ് സംഘപരിവാറുകാര്‍ മാര്‍ദ്ദിച്ചത്.
നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പൊലീസും ആവശ്യപ്പെട്ടിരുന്നു.