മലപ്പുറം: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധമറിയിച്ച് കേരള മുസ്‌ലിം ജമാഅത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍. പിണറായി സര്‍ക്കാരിന്റെ പ്രതിബദ്ധത ഇരയോടല്ല മറിച്ച് വേട്ടക്കാരനോടാണെന്നും
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിക്കാനുള്ള തിടുക്കം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചസര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ത്തിട്ടും മുഖ്യമന്ത്രി മിണ്ടാപ്രാണിക്കളി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷകള്‍ തകിടം മറിച്ചാണ് പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്റ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുക്കുകയായിരുന്നു.
പിണറായി ഗവണ്‍മെന്റിന്റെ രണ്ടാം വരവ് എല്ലാ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തകിടം മറിക്കുകയാണ്. വികസന തുടര്‍ച്ചക്ക് തുടര്‍ ഭരണം തുണയാകുമെന്ന ധാരണ തിരുത്തേണ്ടിവരുമെന്ന് കൂടുതല്‍ ഉറപ്പാവുകയാണ്.
വിവാദങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ മറ്റേതോ വഴിക്ക് തിരിച്ചു വിടുകയാണ് ഗവണ്‍മെന്റ്. ആകാശ കൊലപാതകശ്രമ പ്രതിരോധവും അറസ്റ്റ് നാടകങ്ങളും ‘വിധി, വിധവ’ പ്രയോഗങ്ങളും ഓലപ്പടക്ക ബോംബുമെല്ലാം സദുദ്ധേശ്യത്തോടെയല്ലെന്ന് ഏതാണ്ടുറപ്പാവുകയാണ്.
ഇരയോടല്ല, മറിച്ച് പിണറായി ഗവണ്‍മെന്റിന് പ്രതിബദ്ധത വേട്ടക്കാരനോടാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിക്കാനുള്ള തിടുക്കം ഇതിന്റെ തെളിവാണ്. സംസ്ഥാനത്തെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊന്ന കേസില്‍ പ്രതിയാണ് വെങ്കിട്ടരാമന്‍.
എഴുത്തുകാരനും ഗവേഷകനും മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായിരുന്ന ജേക്കബ് തോമസ് ഐ.എ.എസിനെ പിണ്ഡം വെച്ച് പടിയടച്ച മുഖ്യനാണ് ശ്രീ. പിണറായി. മനുഷ്യനെ കൊന്നതിനല്ല, മറിച്ച് ഓഖി ദുരന്ത കാലത്ത് സര്‍ക്കാറിന്റെ പിടിപ്പുകേട് ചൂണ്ടികാട്ടിയതിനായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെന്റ്. രണ്ടമത്തേത് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയുടെ പേരിലും.
രണ്ട് വര്‍ഷ കാലത്തെ നിയമ പോരാട്ടത്തിന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തിയ ജേക്കബ് തോമസിനെ താരതമ്യേനെ താഴ്ന്ന പോസ്റ്റില്‍ തിരുകി അവഗണിക്കാനും ഗവണ്‍മെന്റ് തയ്യാറായി.
ഒരു പാവം പത്രപ്രവര്‍ത്തകനെ മദ്യപിച്ച് തെമ്മാടിത്തരത്തില്‍ കൊലപ്പെടുത്തിയവനെ ആറ് മാസത്തിനപ്പുറം പുറത്ത് നിര്‍ത്താന്‍ പിണറായിയുടെ കൃപ സമ്മതിച്ചില്ല. ആരോഗ്യ രംഗത്തെ ഉയര്‍ന്ന പദവിയിലൂടെ പിടിച്ചുയര്‍ത്തിയ ടിയാനെ ജില്ലാ കളക്ടറാക്കിയിരിക്കുകയാണിപ്പോള്‍. ദയാദാക്ഷിണ്യമുളളവരെല്ലാം ഈ ഹീനശ്രമത്തെ ശക്തമായി എതിര്‍ത്തിട്ടും മറ്റു പലതിലെന്നപോലെ മിണ്ടാപ്രാണിക്കളി തുടരുകയാണ് മുഖ്യമന്ത്രി.
Content Highlight: Vadasseri Hassan musliyaar reacts to appointment of Sriram venkittaraman as alappuzha collector