പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ ‘അസുര’ ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട്. ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അപകടത്തില്‍പ്പെട്ട അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ തന്നെ പറയുന്നത്. വാഹനത്തിനെതിരെ നിലവില്‍ 5 കേസുകളുണ്ടെന്നാണ് രേഖകളിലുള്ളത്.
കോട്ടയം ആര്‍.ടി.ഒയുടെ കീഴിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേര്‍ഡ് ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു, നിയമലംഘനം നടത്തി വാഹനമോടിച്ചു എന്നീ കേസുകളാണ് ബസിനെതിരെയുള്ളത്. എന്നാല്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയാലും സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
അതേസമയം, അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നും മന്ത്രി അറിയിച്ചു.
യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും, അപകടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് പേര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്. എല്‍ന ജോസ് (15), ക്രിസ് വിന്റര്‍ (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.