| Thursday, 6th October 2022, 3:19 pm

വടക്കഞ്ചേരി അപകടം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും രണ്ട് ലക്ഷം രൂപ ധനസഹായം നൽകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപവീതവും സഹായധനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രപതി ദ്രൗപതി മുർമുവും നേരത്തെ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അതേസമയം ടൂറിസ്റ്റ് ബസ് അമിതവേ​ഗത്തിലായതാണ് അപകടത്തിന് കാരണമായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് പേർ കെ.എസ്.ആർ.ടി.സി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15), ക്രിസ് വിന്റർ (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം ബസിനെതിരെ നിരവധി കേസുകൾ ഉണ്ടായിരുന്നതായണ് റിപ്പോർട്ട്. ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ തന്നെ പറയുന്നത്. വാഹനത്തിനെതിരെ നിലവിൽ 5 കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടയം ആർ.ടി.ഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു, നിയമലംഘനം നടത്തി വാഹനമോടിച്ചു എന്നീ കേസുകളാണ് ബസിനെതിരെയുള്ളത്. എന്നാൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.

Content Highlight:Vadakkanchery accident, pm modi shares condolences

We use cookies to give you the best possible experience. Learn more