| Thursday, 20th August 2020, 8:40 am

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി:യൂണിടാകില്‍ നിന്ന് നാലരക്കോടി കമ്മീഷന്‍ വാങ്ങിയത് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍;75 ലക്ഷം സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടക്കാഞ്ചേരി ഭവന പദ്ധതിയ്ക്കായി യൂണിടാക് കമ്മീഷനായി നല്കിയത് 4 കോടി 25 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. കൈരളി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

പണകൈമാറ്റത്തെ സംബന്ധിച്ച് എന്‍.ഐ.എ യ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കട്രേറ്റിനും ലഭിച്ച വിവരങ്ങളാണ് എന്ന നിലയിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇതില്‍ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. മൂന്നരക്കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി.കൈപ്പറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ്. അദ്ദേഹം വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍. കൈമാറ്റം നടന്നത് കവഡിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപം. തിരുവനന്തപുരത്ത് നിര്‍ദ്ദിഷ്ട കോണ്‍സുലേറ്റ് കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും തുക കമ്മീഷന്‍ നല്‍കിയതെന്ന് എന്‍.ഐ.ഐ കണ്ടെത്തിയിരിക്കുന്നു.ആഗസ്റ്റ് രണ്ടാം തീയതി രാത്രി എഴിനും എട്ടിനുമിടയ്ക്കാണ് പണകൈമാറ്റം നടന്നിരിക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തിയായതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രം കരാര്‍ നല്‍കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തെ അട്ടിമറിച്ചാണ് ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിക്ക് കരാര്‍ കിട്ടിയതെന്ന ആരോപണമാണ് നിലവിലുള്ളത്. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.

വടക്കാഞ്ചേരി പദ്ധതിക്കായി വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത് അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ആയിരുന്നു. പിന്നീട് ഹാബിറ്റാറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights; life mission uae consulate

We use cookies to give you the best possible experience. Learn more