പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ബാബുരാജ് സി.പി.ഐ.എം. മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ലിജീഷ് ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായിരുന്നു. ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.ഐ.എം. വടകര ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാല്‍ പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ എം.എല്‍.എ. കെ.കെ. രമ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഏകാധിപത്യം പുലരുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് നേരത്തെ കണ്ണൂരിലും പാലക്കാടും നടന്ന പീഡനാരോപണങ്ങള്‍ സി.പി.ഐ.എം. കൈകാര്യം ചെയ്ത രീതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരയില്‍ നടന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
പരാതിക്കാരിയായ യുവതിയെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
മൂന്ന് മാസം മുമ്പ് സി.പി.ഐ.എം. പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ചാണ് യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ് പരാതിക്കാരി. പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെയാണ് ശനിയാഴ്ച യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് വീട്ടിലെത്തി ഇവരില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു. അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.