ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും ഭയക്കുന്നു: ഷാഫി പറമ്പില്‍
Kerala News
ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും ഭയക്കുന്നു: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 4:47 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എം.പി ഷാഫി പറമ്പില്‍. രഹസ്യങ്ങള്‍ പലതും അറിയാവുന്നതുകൊണ്ടാണ് ഗുരുതര ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി കുറ്റാരോപിതരെ സംരക്ഷിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു കോണ്‍ഗ്രസ് എം.പിയുടെ വിമര്‍ശനം.

‘ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണെന്ന് ഇപ്പോള്‍ വ്യക്തമാകുകയാണ്. അതിന് കാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നാണ് ഓരോ വെളിപ്പെടുത്തലുകളില്‍ നിന്നും മനസിലാകുന്നത്. മറക്കാന്‍ ഒരുപാട് ഉള്ളതുകൊണ്ടും അരമന രഹസ്യങ്ങള്‍ അറിയാവുന്ന ആളുകള്‍ ആയതുകൊണ്ടുമാണ് ഇത്ര ഗുരുതര ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി കുറ്റാരോപിതരെ സംരക്ഷിക്കുന്നത്,’ എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

ഇപ്പോഴെങ്കിലും ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നത് നന്നായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു സീറ്റ് നേടിയതുപോലെ, വരുന്ന ഉപതെരഞ്ഞെടുപ്പിലും അവര്‍ക്ക് അക്കൗണ്ട് നേടിക്കൊടുക്കാന്‍ ഇടതുപക്ഷം ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന സംശയമാണ് ഇനി ബാക്കിയാകുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍, മുന്‍ എസ്.പി. സുജിത് ദാസ് എന്നിവര്‍ക്കെതിരെ ഭരണകക്ഷി എം.എല്‍.എയായ പി.വി അന്‍വര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ എം.ആര്‍. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും സുജിത് ദാസിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട അന്‍വര്‍ തന്റെ പരാതി രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ടുള്ള അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഷാഫി പറമ്പിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

അജിത് കുമാര്‍ നോട്ടോറിയസ് ക്രിമിനല്‍ ആണെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളിയാണെന്നും പറഞ്ഞ അന്‍വര്‍ എ.ഡി.ജി.പി നിരവധി ആളുകളെ കൊല്ലിച്ചിട്ടുമുണ്ടെന്നാണ് ആരോപണം ഉയര്‍ത്തിയത്. എം.ആര്‍. അജിത് കുമാര്‍ മന്ത്രിമാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താറുണ്ടെന്നും അതിനായി അദ്ദേഹത്തിന് പൊലീസില്‍ പ്രത്യേക സംഘമുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

കൂടാതെ, ഫോണ്‍ കോളുകള്‍ ചോര്‍ത്താനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഇവര്‍ക്ക് പുറമെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും കോളുകള്‍ അജിത് കുമാര്‍ ചോര്‍ത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

Content Highlight: Vadakara MP Shafi Parampil criticized Chief Minister Pinarayi Vijayan